കൊച്ചി: വെല്ലുവിളികള്‍ക്ക് ഭാരതത്തിന്‍റെ ഉത്തരമിതാ… വിക്രാന്ത്…. ആരവങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.. വിക്രാന്ത് വിശാല്‍ ഹേ, വിരാട് ഹേ, വിശേഷ് ഹേ, വിക്രാന്ത് വിശിഷ്ട് ഹേ…. മഹാസാഗരം പോലെ രാഷ്ട്രത്തിന്‍റെ അഭിമാനം അലയടിച്ചുയര്‍ന്ന വാക്കുകള്‍…. രാജ്യത്തെയാകെ സാക്ഷിനിര്‍ത്തി ഇന്ത്യയുടെ സ്വന്തം വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് ആത്മവിശ്വാസം ജ്വലിച്ചുയര്‍ന്ന വാക്കുകള്‍. വിക്രാന്ത് ഒരു യുദ്ധക്കപ്പല്‍ മാത്രമല്ല, ഭാരതത്തിന്റെ പ്രഭാവത്തിന്‍റെ, പരിശ്രമത്തിന്‍റെ, പ്രതിഭയുടെ, പ്രതിബദ്ധതയുടെ പ്രമാണമാണ്, പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചപ്രാണോര്‍ജ്ജത്തിന്‍റെ പ്രഭാവമാണ് ഐഎന്‍എസ് വിക്രാന്ത്. വികസിത ഭാരതത്തിന്‍റെ ഭവ്യസങ്കല്പം, അടിമത്തഭാവത്തിന്‍റെ ഉന്മൂലനം, സ്വന്തം പ്രതിഭയിലുറച്ച വിശ്വാസം തുടങ്ങി അഞ്ച് പ്രാണ മുദ്രകളെക്കുറിച്ച് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പുതിയ സൂര്യോദയത്തെക്കുറിച്ച് നരേന്ദ്രമോദി പറഞ്ഞത്.
ഓണക്കാലത്ത് കേരളത്തിന്‍റെ പവിത്രഭൂമിയില്‍ നിന്ന് രാജ്യം പുതിയ തുടക്കം കുറിക്കുന്നു. സമുദ്രത്തില്‍ വിക്രാന്തും ആകാശത്ത് തേജസ്സും ഭാരതത്തിന്‍റെ കരുത്ത് ലോകത്തിനുമുന്നില്‍ തെളിയിക്കുകയാണ്. ഇത് മുന്നേറ്റത്തിന്‍റെ കാലമാണ്. കൊളോണിയല്‍ മനസ്ഥിതിയെ ഭാരതം കുടഞ്ഞെറിയുന്നു. ഛത്രപതി വീരശിവാജിയുടെ യുദ്ധവീര്യത്തിനുള്ള സമര്‍പ്പണമാണിത്, പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Discussion about this post