കൊച്ചി: പ്രോട്ടോക്കോൾ പാലിക്കുന്നതിന്‍റെ അതിഗംഭീര ദൃശ്യസൗന്ദര്യമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഐഎൻഎസ് വിക്രാന്തിലെ ഒരു പ്രധാന കാഴ്ച. ചടങ്ങിൽ സാന്നിധ്യമുണ്ടായിരുന്ന കപ്പൽ ജീവനക്കാർ മുതൽ ഉയർന്ന ഓഫിസർമാർ വരെ ഓരോ ചുവടുവയ്പിലും പാലിച്ചിരിക്കേണ്ട ക്രമങ്ങളുണ്ട്. പ്രധാനമന്ത്രിയും നാവികസേനാ മേധാവിയുമെല്ലാം ഇതു കൃത്യമായി പാലിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം, ഷിപ്പ്‌യാഡിലെ സാധാരണക്കാരിലേക്ക് എത്തിയപ്പോൾ പ്രധാനമന്ത്രി പതിവ് ചട്ടക്കൂടുകൾ മറികടന്നു. പ്രോട്ടോക്കോളുകളുടെ തടസ്സമില്ലാതെ പ്രധാനമന്ത്രി സംസാരിച്ചത് ജീവനക്കാർക്കും വേറിട്ട അനുഭവമായി. ദൂരെനിന്നു കൈ ഉയർത്തിക്കാണിച്ചവർക്കു നേരെ കൈവീശി അഭിവാദ്യമറിയിച്ചു. തൊട്ടുമുന്നിൽ കണ്ടവരോടു കുശലാന്വേഷണവും നടത്തിയാണ് മോദി മടങ്ങിയത്.
രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്നതിനായിരുന്നു പ്രധാനമന്ത്രി കൊച്ചി കപ്പൽശാലയിൽ എത്തിയത്. ഐഎൻഎസ് വിക്രാന്തിന്റെ വിഷ്വൽ കോൾ സൈനായ (റേഡിയോ ആശയവിനിമയങ്ങളിൽ യുദ്ധക്കപ്പലുകളെ തിരിച്ചറിയാനായി നൽകുന്ന തിരിച്ചറിയൽ നമ്പർ) ആർ– 11 (റോമിയോ 11) എന്ന നമ്പറും ‘പ്രധാനമന്ത്രി’ എന്ന വാക്കും സ്വർണനൂലിൽ തുന്നിയ കറുത്ത തൊപ്പി ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായർ എന്നിവർ വേദിയിൽ സന്നിഹിതരായി.
Discussion about this post