ശാസ്താംകോട്ട: ശരീരം തളര്‍ന്ന് കിടക്കുന്നയാളുടെ വീട്ടില്‍ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകള്‍ തൂങ്ങി മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് അജി ഭവനത്തില്‍ അജികുമാറിൻ്റെ ഏകമകള്‍ അഭിരാമിയെ(20) ആണ് ഇന്നലെ വൈകിട്ട് നാലരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പന്‍ കോളജിലെ ഡിഗ്രി കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യര്‍ത്ഥിനിയാണ്.
ഇന്നലെ ഉച്ചയോടെയാണ് കേരള ബാങ്ക് പതാരം ശാഖയിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി ബോര്‍ഡ് സ്ഥാപിച്ചത്. അഭിരാമിയുടെ മുത്തച്ഛനും തളര്‍ന്നു കിടക്കുന്ന രോഗിയുമായ ശശിധരന്‍ ആചാരിയും ഭാര്യയും മാത്രമാണ് അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. കുറച്ചുതുക ഉടനെ അടയ്ക്കാമെന്നും മാനക്കേട് ഉണ്ടാക്കരുതെന്നും വീട്ടുകാരും അയല്‍ക്കാരും കേണപേക്ഷിച്ചിട്ടും ബാങ്ക് അധികൃതര്‍ വീടിന് മുന്നിലെ മരത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് മടങ്ങുകയായിരുന്നു. മൂന്ന് മണിയോടെ കോളജില്‍ നിന്നും വീട്ടിലെത്തിയ അഭിരാമി ബോര്‍ഡ് കണ്ട് വാവിട്ട് കരഞ്ഞുവത്രേ. ബാങ്കുമായി സംസാരിച്ച് എന്തെങ്കിലും നടപടിയുണ്ടാക്കാമെന്ന് അഭിരാമിയെ ആശ്വസിപ്പിച്ചതിനുശേഷം അജികുമാറും ഭാര്യ ശാലിനിയും ബാങ്കിലേക്ക് പോയി. ഈ സമയത്താണ് അഭിരാമി തൂങ്ങിമരിച്ചത്.
അഞ്ച് വര്‍ഷം മുന്‍പാണ് അജികുമാര്‍ കേരള ബാങ്കിൻ്റെ പതാരം ശാഖയില്‍ നിന്നും വീട് വയ്ക്കാന്‍ പത്ത് ലക്ഷം രൂപ വായ്പ എടുത്തത്. തുടര്‍ന്ന് ഇയാള്‍ വിദേശത്തു പോയി. തവണ മുടങ്ങാതെ അടച്ചുവരുന്നതിനിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട് അജി നാട്ടിലെത്തുന്നത്. തടിപ്പണിക്കാരനാണ് അജിയും പിതാവ് ശശിധരന്‍ ആചാരിയും. ഇതിനിടെ ശശിധരന്‍ ആചാരി പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായി. അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കും മറ്റുമായി വന്‍തുക ചെലവായതിനാല്‍ ബാങ്ക് വായ്പയുടെ തവണ മുടങ്ങി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടപടിയുടെ ഭാഗമായി നോട്ടീസ് അയച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നര ലക്ഷം രൂപ അടച്ചു. ബാക്കി തുകയ്ക്ക് കുറച്ച് സാവകാശം വേണമെന്ന് ബാങ്ക് മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷയും നല്‍കി. ഇതിനിടെയാണ് ബാങ്കിൻ്റെ ഭാഗത്തു നിന്നും ഇന്നലെ അപ്രതീക്ഷിത നടപടി ഉണ്ടായതെന്ന് വീട്ടുകാര്‍ പറയുന്നു. ബാങ്കധികൃതര്‍ ബോഡുമായി ഇന്നലെ ഉച്ചക്ക് ഇവരുടെ വീട്ടില്‍ വന്നപ്പോള്‍ തളര്‍ന്ന് കിടക്കുന്ന ശശിധരന്‍ ആചാരിയും വൃദ്ധയായ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നടപടി നോട്ടീസ് ശശിധരന്‍ ആചാരിക്ക് നല്‍കി കൈപ്പറ്റിയെന്ന ഒപ്പിടാന്‍ കഴിയാത്തതിനാല്‍ ശശിധരനാ ചാറ്റയുടെ വിരല്‍ പിടിച്ച് മഷിയില്‍ മുക്കി പതിപ്പിച്ചാണ് ബാങ്ക് അധികൃതര്‍ തിരികെ പോയത്. ശൂരനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. അഭിരാമിയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post