തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികെളെക്കുറിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെ സംസ്ഥാനത്ത് നടപടികള്‍ ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംധടനകളുടേയും ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി. സംഘടനയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കരയില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വാലി ക്യാമ്പസ് ഓഫീസ് ഇന്നലെ രാത്രി പോലീസ് സീല്‍ ചെയ്തു. വന്‍ സന്നാഹത്തോടെയായിരുന്നു പോലീസ് നടപടി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ നിരോധനം നടപ്പാക്കാന്‍ ബുധനാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷമാണ് നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍, വസ്തുവകകള്‍ എന്നിവ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനായി നോട്ടിഫൈ ചെയ്യുന്നതിനും സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടിയെടുക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.
ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ തുടര്‍നടപടി സ്വീകരിക്കുക. നടപടികള്‍ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധന നടപടികളില്‍ അനാവശ്യ തിടുക്കം വേണ്ടെന്ന നിര്‍ദേശമാണ് യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ നിരോധന ഉത്തരവു വന്ന് 24 മണിക്കൂറു കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിതെന്നും പിഎഫ്‌ഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും സൂക്ഷിച്ചിരിക്കുന്ന രേഖകള്‍, ആയുധങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാനുള്ള അവസരമായി ഇത് മാറിയെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post