കാസർകോട്: കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഓര്‍മ്മയായി. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം.

ബബിയയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദർശനത്തിന് വച്ചു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തില്‍ നിന്ന് മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഇത്തരത്തില്‍ ക്ഷേത്ര നടയിലെത്തിയ ബബിയയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നേടിയിരുന്നു. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കു ശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നല്‍കിയതെന്നോ ആര്‍ക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ല്‍ ബബിയ ജീവനോടെയില്ല എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post