ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തുലാം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും.
തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. 7.30 ന് ഉഷപൂജയ്ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. 10 പേരാണ് ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 8 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കൃതികേഷ് വര്‍മ്മയും പൗര്‍ണ്ണമി ജി വര്‍മ്മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്ക് എടുക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍.ഭാസ്‌കരന്‍, തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.
Discussion about this post