തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ റോഡുപരോധിച്ച് സമരം. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും റോഡ് ഉപരോധ സമരത്തിലേക്ക് കടന്നിരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. രാവിലെ 8.30-ന് തുടങ്ങിയ ഉപരോധസമരം വൈകുന്നേരം മൂന്നുവരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തുണ്ടെങ്കിലും സമരത്തില്‍ ഇടപെട്ടിട്ടില്ല.
തിരുവനന്തപുരം നഗരത്തില്‍ ആറ്റിങ്ങല്‍, സ്റ്റേഷന്‍കടവ്, ചാക്ക, പൂവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. മത്സ്യബന്ധന വള്ളങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തൊഴിലാളികള്‍ റോഡ് ഉപയോധിക്കുന്നത്. ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേല്‍പാലത്തിലും ഗതാഗതം തടസ്സപ്പെട്ടു.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജങ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടിരുന്നു. പ്രദേശത്ത് സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയക്കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു.
19-ന് വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. 19-ന് മൂന്നു മുതല്‍ ഏഴുവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കലാസാംസ്‌കാരിക കൂട്ടായ്മയും നടത്തും.
Discussion about this post