തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയാണ് സമരം.
സമരത്തില്‍ നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലൻസുകളടക്കം സമരക്കാര്‍ കടത്തിവിടാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഉച്ചയ്‌ക്കുളള പരീക്ഷയ്‌ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 11 മണിയോടെ പാളയത്ത് നിന്നും പ്രകടനം ആരംഭിച്ച സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ചാക്ക റോഡിൽ വലവിരിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
ചാക്ക ഭാഗത്ത് മത്സ്യബന്ധന ബോട്ടുകള്‍ കയറ്റിയ വാഹനങ്ങളടക്കം റോഡിന് കുറുകെയിട്ട് വിമാനത്താവളത്തിലേക്കുളള യാത്രക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുകയാണ്. പോലീസ് വഴിതിരിച്ച് വിടുന്നത് കാരണം സമയത്തിനെത്താനാകാതെ പലരും യാത്ര വേണ്ടെന്നുവച്ച് തിരികെമടങ്ങേണ്ടി വന്നു. തുമ്പയില്‍ വിഎസ്‌എസ്‌സിയിലേക്കുളള യാത്രയും തടസപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷ സാദ്ധ്യതയുളളതിനാല്‍ വിഴിഞ്ഞത്തും മൂലൂരിലും കളക്‌ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ത്രീകളടക്കം റോഡില്‍ ഉപരോധം തീര്‍ക്കുന്നുണ്ട്. ഇതുമൂലം ബൈപാസ് വഴിയുളള യാത്രികര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. വൈകിട്ട് മൂന്ന് മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post