കൊച്ചി: തപസ്യ നൽകിയ പുരസ്കാരം ഭഗവത് പ്രസാദമായി കരുതുന്നുവെന്ന് ഡോ. സുവർണ നാലപ്പാട്. തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ.
നാലപ്പാട്ടെ പുസ്തക ശേഖരങ്ങളാണ് എഴുത്തിലേക്ക് ഉപനയിച്ചത്. ജിജ്ഞാസയാലാണ് പഠിച്ചതും അറിഞ്ഞതും അറിഞ്ഞ കാര്യങ്ങൾ ലോകത്തോട് സംവദിക്കണമെന്ന് ആഗ്രഹിച്ചത്. അതിനുള്ള വഴിയാണ് പുസ്തകങ്ങൾ.. സ്ത്രീകൾക്ക് പൊതുവേ എഴുത്തിലും മറ്റും താൽപര്യമില്ല. പൊട്ടും സാരിയുമൊക്കെയാണ് അവരുടെ ചർച്ചാ വിഷയം അതിന് പുരുഷന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളുടെ ഭാഷ കരുത്തുള്ളതാവണം. അതിന് പുസ്തകങ്ങളിലേക്ക് കടക്കണം. സ്വന്തം ജീവിതത്തിലേക്ക് പകർത്താത്ത തത്വ ചിന്ത കൊണ്ട് കാര്യമില്ല. നാലപ്പാട്ടെ ആർഷജ്ഞാന പരമ്പരയാണ് എൻ്റെ സമ്പത്ത്. നാലപ്പാട്ട് നാരായണ മേനോൻ്റെ , എൻ്റെ അമ്മാവൻ്റെ വഴിയിൽ സഞ്ചരിച്ചു എന്നത് മാത്രമാണ് എൻ്റെ നേട്ടം. ഇടവഴികൾ തേടിയില്ല. കെല്പറ്റതെങ്കിലുമെൻ കൈയും ചെല്ലായ്കിൽ അപ്പൊഴേ നിശ്ചലം കാലചക്രം എന്ന ആത്മവിശ്വാസം ആ വഴിയിൽ കിട്ടിയതാണെന്ന് അവർ പറഞ്ഞു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ എം. തോമസ് മാത്യു, ഡോ ലക്ഷ്മി ശങ്കർ , ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു













