തിരുവനന്തപുരം: മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും. ഇന്നും നാളെയും കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം.
ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്.
ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Discussion about this post