കൊച്ചി: ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ 305.84 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി. ഹവാല ഇടപാട് കേസിലാണ് ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ് വർഗീസിന്‍റെ സ്വത്ത് കണ്ടുകെട്ടിയത്. ഇ ഡി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശ നാണയ വിനിമയ മാനേജ്മെന്റ് നിയമപ്രകാരം(ഫെമ) കേസെടുത്തിട്ടുമുണ്ട്. തൃശൂർ ശോഭാസിറ്റിയിലെ ഭൂമിയും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ മൂല്യം വരുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ് ആലൂക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരികളും (വില 217.81 കോടി രൂപ) കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നുവെന്ന് ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്തതും പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ചതും സംബന്ധിച്ചാണ് കേസ്.













