കൊച്ചി : ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ അണച്ചെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി. വിഷയം ഹൈക്കോതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീ അണച്ചെന്ന കോര്‍പ്പറേഷന്റെ വാദം തള്ളിയ കോടതി ചൊവ്വാഴ്ച രാത്രിയും കത്തിയിരുന്നല്ലോയെന്നും ചോദിച്ചു. കേസ് ഇന്ന് ഉച്ചയ്ക്ക് പരിഗണിച്ചപ്പോള്‍ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജും ഹൈക്കോടതിയില്‍ ഹാജരായി.
ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കളക്ടര്‍ എത്തിയിരുന്നില്ല. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കളക്ടര്‍ ഇന്ന് കോടതിയിലെത്തിയത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയും കളക്ടര്‍ക്കൊപ്പം കോടതിയിലെത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനിലും ഹാജരായി. ജില്ലാ കളക്ടറെ വയനാട്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച ഉച്ചയ്ക്ക് തീരുമാനമെടുത്തിട്ടുണ്ട്. അതിനിടയിലാണ് കളക്ടര്‍ ഹൈക്കോടതിയില്‍ ഹാജരായത്.
പൊതുജന താല്‍പര്യത്തിനാണെന്ന് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തെ മുഴുവന്‍ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ല. പ്ലാന്റിലേക്ക് പ്രത്യേക വൈദ്യുതി കണക്ഷന്‍ വേണമെന്നും ഹൈക്കോടതി പറഞ്ഞു. മറ്റന്നാള്‍ ഇതുസംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ടുമായി ജില്ലാ കളക്ടറോടും കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ബ്രഹ്‌മപുരം വിഷയത്തില്‍ നേരത്തെ തന്നെ കോര്‍പ്പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചൂട് കൂടുന്ന സാഹചര്യം മുന്‍ നിര്‍ത്തി അഗ്നിശമനസേനയുടെ നിര്‍ദ്ദേശ പ്രകരമാണ് മുന്നറിയിപ്പ് നല്‍കിയതെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ നിന്നും കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് പറഞ്ഞ കോടതി, ജനങ്ങള്‍ക്ക് എന്ത് നിര്‍ദ്ദേശമാണ് നല്‍കിയതെന്നും ചോദിച്ചു.
മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. വൈകിട്ട് നടക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ പങ്കെടുക്കും.
കൊച്ചിയിലെ വിഷപ്പുക മൂലം ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് കോടതി കേസെടുത്തത്. സ്വമേധയാ കേസെടുത്ത കോടതി മാലിന്യസംസ്‌കരണ കേന്ദ്രത്തിന് ആരെങ്കിലും തീവച്ചതാണോയെന്ന ചോദ്യവും ഉയര്‍ത്തി. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post