കൊച്ചി: നേത്രദാനത്തിൽ സെഞ്ചുറി തികച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി രാംകുമാർ. കണ്ണ് ദാനം ചോദിച്ച് നൂറു കണക്കിന് മരണ വീടുകൾ കയറിയിട്ടുണ്ട് രാം കുമാർ. ഗ്ലൂക്കോമ പിടിപെട്ട് ഇരുപത്തി നാലാം വയസ്സിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ട രാംകുമാറിന്റെ നിരന്തര പ്രയത്നത്തിലാണ് തന്നെ പോലെ ഇരുട്ടിൽ വെളിച്ചം തെരയുന്ന നൂറു കണക്കിനാളുകൾക്ക് കണ്ണ് നൽകുന്ന പ്രവർത്തനം വിജയം കണ്ടത്. ദേശീയ തലത്തിൽ ദിവ്യാംഗർക്കായി പ്രവർത്തിക്കുന്ന സക്ഷമയുടെ എറണാകുളം ജില്ലാ വർക്കിങ് പ്രസിഡന്റ് ആണ് ശാസ്താംപാട്ട് കലാകാരൻ കൂടിയായ രാം കുമാർ.
കണ്ണ് തേടി വീടുകൾ കയറിയപ്പോൾ അനുകൂലമായിരുന്നില്ല പ്രതികരണം. പലരും ഇറക്കി വിട്ടു. പക്ഷേ രാം കുമാർ ദൗത്യം തുടർന്നു… നിറക്കാഴ്ചകളിൽ നിന്ന് ജീവിതം അകന്നു പോകുന്നതിന്റെ ദൈന്യത രാംകുമാറിന്റെ അനുഭവമായിരുന്നു. അദ്ദേഹം ഇതൊരു തപസാക്കി. നേത്രദാനത്തിന്റെ മഹത്വവും ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തി. പതുക്കെ പതുക്കെ ആളുകൾ രാംകുമാറിനെ കേൾക്കാൻ തുടങ്ങി. നേത്രദാനത്തിന് പലരും സമ്മതം മൂളി. ഇന്ന് നൂറാമത് ആളിന്റെ കോർണിയ ആണ് രാം കുമാർ വഴി കൈമാറിയത്.
Discussion about this post