കൊച്ചി: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ മെട്രോയിലെ യാത്രാനിരക്കുകള്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്. വാട്ടര്‍ മെട്രോ സര്‍വീസ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെയാണ്.
തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴിനാണ് ആദ്യ സര്‍വീസ്. ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളില്‍ ഇളവും പ്രഖാപിച്ചിട്ടുണ്ട്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്. ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 1136.83 കോടി രൂപയാണ് .ജല മെട്രോയിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
ആദ്യഘട്ടം പൂർത്തിയാകുമ്പോള്‍ 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും.
Discussion about this post