കൊച്ചി: നാട് പ്രതീക്ഷയോടെ കാത്തിരുന്ന സുദിനം ഇന്ന്. രാഷ്ട്രനായകന്‍ നരേന്ദ്ര മോദിയുടെ പാദസ്പര്‍ശത്താല്‍ ഇന്ന് അറബിക്കടലിന്റെ റാണി അഭിമാനിതയാവും. ഇന്നു കൊച്ചിയിലും നാളെ തിരുവനന്തപുരത്തുമായി കേരളക്കരയുടെ വികസനകുതിപ്പിന് പുതിയ ദിശാബോധം നല്കുന്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.
ഇന്ന് വൈകിട്ട് 5ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തില്‍നിന്ന് 5.30ന് റോഡ് ഷോയായി തേവര എസ്എച്ച് കോളജ് മൈതാനിയില്‍ എത്തും. അവിടെ ആറ് മുതല്‍ ഏഴ് വരെ ‘യുവം 2023’ പരിപാടിയില്‍ യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് 7.30ന് താജ് മലബാര്‍ ഹോട്ടലില്‍ എത്തി ക്രൈസ്തവസഭാ നേതാക്കളുമായി ചര്‍ച്ച നടത്തും. താജ് മലബാറില്‍ രാത്രി വിശ്രമിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9.25ന് തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ കേരളത്തിനു കേന്ദ്രം നല്കിയ വിഷുക്കൈനീട്ടമായ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.
കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ വലിയ ആവേശമാണ് നാട് കാണിക്കുന്നത്. ആദ്യം തേവര ജങ്ഷന്‍ മുതല്‍ സേക്രഡ് ഹാര്‍ട്ട് കോളജ് വരെ 1.2 കി.മീറ്ററാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയില്‍ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള 1.8 കി.മി. ദൂരത്തിലേക്ക് റോഡ് ഷോ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
ഭാവി ഇന്ത്യയുടെ നേതാക്കളെ വാര്‍ത്തെടുക്കുന്ന യുവം മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തശേഷമാണ് പ്രധാനമന്ത്രി യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക. കേരളത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിര വികസനമാണ് യുവം പരിപാടിയില്‍ ചര്‍ച്ചയാവുക. നാളിതുവരെ സംസ്ഥാനം ദര്‍ശിക്കാത്ത യുവതയുടെ സംവാദശക്തിക്ക് തേവര കോളജ് മൈതാനം ഇന്ന് സാക്ഷ്യം വഹിക്കും. യുവാക്കള്‍ സ്വപ്നങ്ങളും ആശയങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കും. ഒന്നര ലക്ഷം പേരാണ് യുവം കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷി മുതല്‍ ഐടി വരെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 17നും 35നും ഇടയിലുള്ള യുവാക്കളാണ് ഇവര്‍. ജി 20യുടെ അനുബന്ധമായ വൈ 20യുടെ ഭാഗം എന്ന നിലയ്ക്കാണ് പരിപാടി.
വൈകുന്നേരം 5 മുതല്‍, യുവം പരിപാടി നടക്കുന്ന തേവര കോളജ് ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി, നവ്യാ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സാസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് തിരുവനന്തപുരത്തും കൊച്ചിയിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍മാത്രം 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
Discussion about this post