തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ. ഡോ.എൻ. ഗോപാലകൃഷ്ണന്‍റെ മരണം കേരള പൊതുമണ്ഡലത്തിൽ വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തിന്‍റെ ആചാര അനുഷ്ഠാനങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാൻ പുതുവഴി കണ്ടെത്തിയ വ്യക്തിത്വമാണ് ഗോപാലകൃഷ്ണൻ. ഹിന്ദു വിശ്വാസങ്ങൾ അനാചാരമാണ് അന്ധവിശ്വാസങ്ങളാണ് എന്ന് പറഞ്ഞ കാലഘട്ടത്തിലാണ് അദ്ദേഹം ശാസ്ത്രദൃഷ്ടിയിൽ ആചാര അനുഷ്ഠാനങ്ങളെ വ്യാഖ്യാനിച്ചത്. അതിന് കേരള സമൂഹത്തിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയും സ്വീകാര്യതയും ലഭിച്ചു. നിരവധിയാളുകൾ അദ്ദേഹത്തിൽ ആകൃഷ്ടരായി മുന്നോട്ട് വരികയും ചെയ്തു. അകാലത്തിലെ അദ്ദേഹത്തിന്റെ മരണം ഹിന്ദു സമൂഹത്തിന് വലിയ നഷ്ടമാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘം ഡോക്ടർ എൻ ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പ്രാന്തകാര്യവാഹ് പി.എൻ.ഈശ്വരൻ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. 68 വയസായിരുന്നു. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ ശ്രദ്ധപിടിച്ചു പറ്റിയത്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായി മാറിയത്. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി.
ഹിന്ദു സമാജത്തിന് അറിവും ഊർജ്ജവും പകർന്നു നൽകിയ ആത്മീയ പ്രഭാഷകനായിരുന്നു ഡോ. എൻ ഗോപാലകൃഷ്ണൻ. ഭഗവത്ഗീതയെ വളരെ ലളിതമായി വിശദീകരിച്ചിരുന്ന അദ്ദേഹം ഗീതാ പ്രഭാഷണങ്ങളിലൂടെയാണ് ജനമനസുകളിൽ ഇടം നേടിയത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറായ ഡോ. എൻ. ഗോപാലകൃഷ്ണന് 28 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ശാസ്ത്ര ജേർണലുകളിൽ 50 ഗവേഷണ ശാസ്ത്ര പ്രബന്ധങ്ങൾ, 7 പേറ്റന്റുകൾ ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും, വിദേശത്തു നിന്നും 9 ശാസ്ത്ര ജനകീയവത്കരണ അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
Discussion about this post