കൊച്ചി: പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രം കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം തുടരാമെന്ന് കോടതി ഉത്തരവിട്ടു. സ്‌റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹര്‍ജിയാണ് ജസ്റ്റിസ് എന്‍.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പരമാര്‍ശിക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയെ കുറിച്ചാണ്. അത് എങ്ങനെ ഇസ്ലാമിന് എതിരാകും. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ അതില്‍ ഇസ്ലാമിന് എതിരേ ഒന്നുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഐഎസ് എന്ന ഭീകരസംഘടനയെ പ്രതിപാദിക്കുന്ന നിരവധി ചിത്രത്തില്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ചില സിനിമകളില്‍ പോലും ഐഎസിനെ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, സന്യാസിമാരേയും ക്രൈസ്തവ പുരോഹിതരരേയും വിമര്‍ശനാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അതൊക്കെ സാങ്കല്‍പിക സൃഷ്ടിയായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ സിനികളിലെ ചില ആവിഷ്‌കാരങ്ങളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും കോടതി.
നിയമപരമായ എല്ലാ സെന്‍സറിങ്ങും കഴിഞ്ഞ് എത്തിയ ഒരു ചിത്രത്തെ എങ്ങനെ തടയാന്‍ ആകുമെന്ന് കോടതി ചോദിച്ചു. വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചു. ജനശ്രദ്ധ നേടുക എന്നതുമാത്രമാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. കേരള സ്‌റ്റോറി ചരിത്രപരമായ ചിത്രമല്ലല്ലോ എന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം ചിത്രത്തെ സ്വീകരിച്ചോളുമെന്നും ഹൈക്കോടതിയും നിരീക്ഷിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോടതി പറഞ്ഞു.
Discussion about this post