കൊച്ചി: അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കല്‍ സര്‍ക്കാരുകള്‍ക്ക് മാത്രം സാധ്യമായ ഒന്നല്ലെന്നും അതിന് ജനങ്ങള്‍ കൂടി തയാറാകണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. വിശ്വസംവാദകേന്ദ്രം എറണാകുളത്ത് സഹകാര്‍ഭാരതി ഭവനില്‍ സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷത്തില്‍ നവമാധ്യമകാലത്തെ മാധ്യമ പ്രവണതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റര്‍നെറ്റ് കാലം വന്നപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശവും പുതിയ ഭൂമിയും പിറന്നു എന്ന സന്തോഷിച്ച തലമുറയില്‍ പെട്ടവരാണ് ഞങ്ങള്‍. അടിയന്തരാവസ്ഥയിലെ ദുസ്സഹമായ സെന്‍സര്‍ഷിപ്പിന്‍റെ അനുഭവത്തില്‍ നിന്നാണ് അത്തരം ആശ്വാസമുണ്ടായത്. എന്നാല്‍ ഇന്ന് ആ ധാരണ മാറിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ ആര്‍ക്കും എന്തും പറയാനുള്ള ഇടമാണെന്ന് വന്നതോടെ അവിടെയും സെന്‍സറിങ് വന്നു. മാധ്യമധര്‍മ്മമെന്ന ഒന്ന് ബാധകമല്ലാത്ത ഇടമായി അത് മാറി. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ അനിവാര്യമായി മാറുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഏത് കാലത്തെയും മാധ്യമപ്രവര്‍ത്തനത്തിന്‍റെ സനാതനമായ മാതൃകയാണ് നാരദ മഹര്‍ഷിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രഹസ്യമില്ലാത്ത കാലമാണ് നവമാധ്യമങ്ങള്‍ തുറന്നിട്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എം.വി. ബെന്നി പറഞ്ഞു. പരിക്കേല്‍ക്കാതിരിക്കാന്‍ സത്യത്തെ പിന്‍തുടരുകയാണ് വഴി. ഒന്നും മറച്ചുവയ്ക്കാനില്ലാത്ത വിധം പെരുമാറാന്‍ കഴിയുന്നിടത്താണ് ധര്‍മ്മജീവിതം പുലരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക മാധ്യമപ്രവര്‍ത്തനത്തിലെ സമഗ്രതയ്ക്ക് വിശ്വസംവാദകേന്ദ്രത്തിന്‍റെ ആദരവ് എം.വി. ബെന്നിക്ക് സെബാസ്റ്റ്യന്‍ പോള്‍ സമ്മാനിച്ചു.
ധര്‍മ്മവിജയത്തിനായി വൈരുധ്യങ്ങളെ സമന്വയിപ്പിച്ച ഋഷിയാണ് നാരദനെന്ന് അധ്യക്ഷഭാഷണം നടത്തിയ വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. ഈശ്വരന്റ മനസ്സാണ് നാരദന്‍, പ്രപഞ്ചത്തിലെ എല്ലാ നന്മകളുടെയും വിജയത്തിന് വേണ്ടി സംവാദത്തിന്‍റെയും ആശയവിനിമയത്തിന്‍റെയും എല്ലാ വഴികളും സ്വീകരിച്ച മാധ്യമധര്‍മ്മത്തിന്‍റെ ത്രികാലങ്ങളിലെയും മാതൃകയായിരുന്നു അദ്ദേഹമെന്ന് രാജശേഖരപ്പണിക്കര്‍ പറഞ്ഞു.
ഗാന്ധിവിരുദ്ധര്‍ ഗാന്ധിയന്മാരുടെ വേഷമണിഞ്ഞ് നടന്നപ്പോള്‍ തമസ്‌കരിക്കപ്പെട്ടുപോയ യഥാര്‍ത്ഥ ഗാന്ധിയനായിരുന്നു പ്രൊഫ.എം.പി.മന്മഥനെന്ന് ചടങ്ങില്‍ എം.പി. മന്മഥന്‍ സ്മൃതിഭാഷണം നടത്തിയ മുരളി പാറപ്പുറം പറഞ്ഞു.
സംവാദകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ എം. പി മന്മഥന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ജെ. ശ്രീജിത്തിന് സംവാദ കേന്ദ്രം ചെയര്‍മാന്‍ കെ. ആര്‍. ഉമാകാന്തന്‍ സമ്മാനിച്ചു. കന്യാകുമാരി യൂത്ത് ജേര്‍ണലിസം വര്‍ക്ക്ഷോപ്പിനെക്കുറിച്ച് മികച്ച അനുഭവക്കുറിപ്പ് എഴുതിയ മാധ്യമ വിദ്യാര്‍ഥി രമ്യ എസിന് പ്രോത്സാഹന സമ്മാനം നല്‍കി. സംവാദകേന്ദ്രം സെക്രട്ടറി എം. സതീശന്‍, ട്രഷറര്‍ പി.ജി. സജീവ് എന്നിവര്‍ സംസാരിച്ചു.























Discussion about this post