തിരുവനന്തപുരം: റോസ്ഗര്‍ മേളയുടെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും തപാല്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ തസ്തികളിലേക്ക് 288 പേര്‍ക്കുള്ള നിയമന പത്രം വിതരണം ചെയ്തു. തിരുവനന്തപുരത്ത് 105 പേര്‍ക്കും, കൊച്ചിയില്‍ 183 പേര്‍ക്കുമാണ് നിയമന ഉത്തരവ് നല്‍കിയത്.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍ മഞ്ജു പി പിള്ള , റെയില്‍വെ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ എസ് എം ശര്‍മ്മ എന്നിവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന പത്രം കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച റോസ്ഗര്‍ മേള എന്ന ആശയത്തിന് ദൂരവ്യാപക സ്വാധീനമാണുള്ളതെന്ന് മഞ്ജു പി പിള്ള പറഞ്ഞു. തൊഴില്‍ മേളയിലൂടെ നിയമനം ലഭിക്കുന്ന യുവതലമുറയാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ റോസ്ഗര്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്തത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഇ എസ് ഐ സി, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം / ഐഎസ്ആര്‍ഒ, റെയില്‍വേ, തപാല്‍ വകുപ്പ് എന്നിവിടങ്ങളില്‍ 105 പേര്‍ക്കാണ് നിയമനം നല്‍കിയത്. യു ഡി സി, സയിന്റിഫിക് അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക് കം ടൈപ്പിസ്റ്റ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ജോലി നല്‍കുക എന്നതാണ് റോസ്ഗര്‍ മേളയുടെ ലക്ഷ്യം. രാജ്യമെമ്പാടുമായി ഇന്ന് നടന്ന തൊഴില്‍ മേളയുടെ അഞ്ചാം ഘട്ടത്തില്‍ 45 കേന്ദ്രങ്ങളിലായി 71,000 പേര്‍ക്കാണ് കേന്ദ്ര സര്‍വ്വീസില്‍ നിയമനം ലഭിച്ചത്.
Discussion about this post