കൊച്ചി: ഏറ്റവുമധികം അന്ധവിശ്വാസങ്ങൾ തലച്ചോറിൽ ശേഖരിക്കപ്പെടുന്നത് മദ്രസ്സ പഠനകാലത്താണെന്ന കുറിപ്പുമായി എഴുത്തുകാരി സജ്ന ഷാജഹാൻ. സ്വന്തം ജീവൻ തുലഞ്ഞുപോകും വിധമുള്ള മത പഠനം കൊണ്ട് നിങ്ങളും നിങ്ങളുടെ വീട്ടുകാരും എന്താണ് നേടാൻ പോകുന്നത്? ഇവരൊന്നും സ്വയം വിശ്വസിക്കാത്തതും സ്വന്തം അധമവികാരപൂർത്തീകരണത്തിനുവേണ്ടി, ഉണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുമായ സ്വർഗ്ഗമോ? ദൈവത്തിലേക്കെത്താൻ നമുക്ക് വേണ്ടത് ശുദ്ധമായ മനസ്സും പ്രവർത്തികളുമാണ്. സ്വയം ഇടനിലക്കാരാകുന്നവരുടെ ഇത്തരം പീഡനങ്ങളല്ല. എന്നും സജ്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
പത്തു പതിനേഴു വർഷം മുമ്പാണ്, സ്ക്കൂൾ ബസ്സിന്റെ സമയവും മദ്രസ്സയുടെ സമയവും ഒത്തു വരാതിരുന്നതിനാലാണ് മോളുടെ മദ്രസ്സ പഠനം നാലാം ക്ലാസ്സിൽ വച്ചു നിർത്തിയത്. പിന്നീട് ഒരു ഉസ്താദ് വൈകുന്നേരം വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു. സിറ്റൗട്ടിൽ എനിക്കുകൂടി കാണാവുന്ന വിധത്തിലിരുന്നാണ് പഠിപ്പിച്ചിരുന്നത്. ഒരു മാസത്തോളം പ്രശ്നമൊന്നുമില്ലാതെ പോയി. ഒരു ദിവസം നോക്കിയപ്പോൾ സിറ്റൗട്ടിൽ മോളെയും ഉസ്താദിനെയും കാണാനില്ല! നീളൻ വരാന്തയുടെ പടിഞ്ഞാറെയറ്റത്ത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത ഇടത്തേക്ക് പഠിപ്പിക്കൽ മാറ്റിയിരിക്കുകയാണ്. എനിക്ക് വർക്ക് ഏരിയയുടെ പുറത്തുള്ള ഇറക്കോലായയിൽ നിന്നാൽ പുതിയ ഇടം കാണാമെന്ന കാര്യം ഉസ്താദറിഞ്ഞില്ല. ഒമ്പത് വയസ്സ് തികഞ്ഞിട്ടില്ലാത്ത മകളെ മടിയിലിരുത്തി പഠിപ്പിക്കാൻ ശ്രമിക്കുകയാണയാൾ. ഞാൻ ചെയറിലിരുന്നോളാം എന്നവൾ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ നിർബന്ധിക്കുന്നുമുണ്ട്.
‘എന്താ ഇരിപ്പ് ഇങ്ങോട്ട് മാറ്റിയേ’? എന്നു ചോദിച്ച് ഞാൻ അവിടേക്ക് ചെന്നപ്പോ അങ്ങേരുടെ മുഖത്തെ ചോര മുഴുവനും വാർന്നു പോയ പോലെ നിന്നത് ഇപ്പോഴും ഓർമ്മയുണ്ട്.
“ഒന്നൂല്ല. ഇവടെ നല്ല കാറ്റ് ണ്ടലോ” എന്നൊരു മുട്ടാപ്പോക്ക് മറുപടി ഒരുളുപ്പുമില്ലാതെ പറഞ്ഞു അയാൾ. ’ഇവിടെ വല്ലാത്ത വെയിലും ഉണ്ടല്ലോ’ എന്നു ഞാൻ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഒരു നിൽപ്പും. “ഉസ്താദ് എന്നെ പിടിച്ചു വലിച്ച് മടിയിൽ ഇരുത്താൻ try ചെയ്യാണ് മമ്മാ. പിന്നെ kiss തരട്ടേന്നും ചോദിച്ച്.” എന്ന് ഒരു മടിയുമില്ലാതെ മകൾ പറയുക കൂടി ചെയ്തപ്പോൾ അയാൾ തലയും കുമ്പിട്ട് ഇറങ്ങിപ്പോകാൻ തുനിഞ്ഞു.”ഞാൻ നാളെ വരാ. ഇന്ന് ഞ്ഞിപ്പോ പഠിപ്പിക്കല് നടക്കൂല.” എന്ന് വിറച്ചു കൊണ്ട് പറയുന്നുമുണ്ട്.
“നാളെയെന്നല്ല, താനിനി ഈ വഴിക്കേ വരണ്ട. പഠിപ്പിക്കേം വേണ്ട.” എന്നു ഞാൻ തീർത്തു പറഞ്ഞു. ഗൾഫിൽ ആയിരുന്ന ഭർത്താവിനോട് വിളിച്ചു പറഞ്ഞു പള്ളിക്കമ്മറ്റിയിൽ പരാതി കൊടുത്തിട്ടാണ് അന്ന് അങ്ങേരെ ഈ നാട്ടിൽ നിന്നും പറഞ്ഞു വിട്ടത്. അയാൾ ഇവിടെ നിന്നും പോയതിനു ശേഷം സമാന അനുഭവങ്ങൾ പലരും പങ്കു വച്ചു.
“ദീൻ പഠിപ്പിക്കണ മൊയ്‌ല്യാരല്ലേ. നമ്മള് വല്ലതും പറഞ്ഞാൽ പടച്ചോൻ നമ്മളെ ശിഷിച്ചാലോ എന്നു വിചാരിച്ച് മിണ്ടാണ്ടിരുന്നതാ” എന്നായിരുന്നു അവരുടെ ന്യായീകരണം!
അവരോടൊക്കെ ഞാൻ എന്തു പറയാനാണ്? അറിവില്ലായ്മയും ഭയവും മൂലം ഇന്നും ഇരുട്ടിൽ ജീവിക്കുന്ന പാവങ്ങൾ. ദൈവത്തിന്റെ പ്രതിപുരുഷന്മാരും സ്വർഗ്ഗത്തിന്റെ കാവൽക്കാരുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മതഗ്രന്ഥങ്ങൾ മുൻനിർത്തി നിസ്സഹായരുടെ അജ്ഞതയുടെയും ഭക്തിയുടെയും തണലിൽ പതിയിരുന്ന് ഇരതേടുന്ന കഴുകന്മാർക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ ഒരു കാലത്തും അവർ ശക്തരായിരുന്നില്ല.
ഏകദേശം ഇതേ കാലഘട്ടത്തിൽ തന്നെയാണ് ചെന്നൈയിലുള്ള കസിന്റെ മകൾ അവളെ പഠിപ്പിക്കാൻ വന്ന ഉസ്താദിനിട്ടൊരു മുട്ടൻ പണി കൊടുത്തത്. വെറും എട്ടു വയസ്സുകാരിയാണ്. പക്ഷേ അഭിമാനം എല്ലാവർക്കും ഒരുപോലെയല്ലേ?
കസിനും ഭർത്താവും കുട്ടികളും അന്ന് ഫ്ലാറ്റിലാണ് താമസം. ഉസ്താദിനൊരു പ്രത്യേക സ്വഭാവമുണ്ടത്രേ. കുടിക്കാൻ കൊടുക്കുന്ന ചായ അറിയാതെയെന്നോണം ഒരല്പം ടീപോയിലും മറ്റും കളയും. സ്വാഭാവികമായും ഉടുമുണ്ടിലും അല്പം ചായ വീഴും. ഇത് കുട്ടിയെകൊണ്ട് തുടപ്പിയ്‌ക്കും. അടുത്ത ഫ്ലാറ്റിലെ കുട്ടികളും പഠിക്കാൻ വരുന്നുണ്ടെങ്കിലും ടീപോയും ഉസ്താദിന്റെ കാലിന്റെ തുടയും വൃത്തിയാക്കേണ്ട ജോലി എന്നും ആഫ്രയ്‌ക്കാണ്.
രണ്ടു മൂന്നു ദിവസം പ്രസ്തുത ജോലി മടിയോടെയാണെങ്കിലും അവൾ ചെയ്തു. ഉമ്മയോട് പരാതി പറഞ്ഞെങ്കിലും ഉമ്മ പേടിച്ചിട്ട് “സാരല്ല മോളേ ഇനി അങ്ങനെ ചെയ്താ ഉമ്മ ചോദിച്ചോളാം” എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. ആ ഉറപ്പിൽ അത്ര വിശ്വാസമില്ലാഞ്ഞതു കൊണ്ടാവാം, നാലാം ദിവസവും ഉസ്താദ് ചായ കളഞ്ഞപ്പോൾ കുട്ടി മറ്റൊന്നും ആലോചിച്ചില്ല, ഉസ്താദിന്റെ തലയിലെ തൊപ്പി വലിച്ചൂരി ടീപോയും നിലവും വൃത്തിയാക്കി.
വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. അസോസിയേഷൻ ഇടപെട്ടു. ഒരു കാരണവുമില്ലാതെ അദ്ധ്യാപകനെ പ്രകോപിപ്പിച്ചു എന്ന രീതിയിലായിരുന്നു കാര്യങ്ങൾ പോയത്. പക്ഷേ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ അവൾ കൃത്യമായി കാര്യങ്ങൾ പറഞ്ഞു.
“ഉസ്താദിന്റെ കാല് ക്ളീൻ ചെയ്യുമ്പോ എന്റെ കൈയിൽ ഉസ്താദ് ഇറുക്കെ പിടിക്കും അപ്പൊ എനിക്ക് വേദനിക്കും.” എന്നു കൂടി അവൾ പറഞ്ഞു നിർത്തിയപ്പോൾ അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവർക്ക് ഉത്തരം മുട്ടി. അയാളെ പിന്നീട് എന്തു ചെയ്‌തെന്ന് അറിയില്ല. പക്ഷേ അവരുടെ ഫ്ലാറ്റിലേക്ക് പിന്നീട് അയാളെ പ്രവേശിപ്പിക്കുകയോ ആഫ്ര അയാളുടെയടുത്ത് പഠനം തുടരുകയോ ചെയ്തില്ല.
ഈ കുട്ടികൾ രണ്ടു പേരും പിന്നീടും ദീൻ പഠിച്ചിട്ടുണ്ട്. ഖുർആൻ ഓതാനറിയാം നമസ്കാരം നല്ല രീതിയിൽ നിർവ്വഹിക്കാനറിയാം. (പലപ്പോഴും കൃത്യമായി ചെയ്യാറില്ലെന്നത് സത്യം.) പക്ഷേ ഉസ്താദ് പടച്ചോനാണ് എന്നവർ തീരെ വിശ്വസിക്കില്ല.
അവരെ വളർത്തി വലുതാക്കിയവർക്കും ആ വിശ്വാസം ഇല്ല. ദർസിൽപോയുള്ള മത പഠനം ആരും അംഗീകരിക്കുന്നുമില്ല.
ഇന്നലെ തിരുവനന്തപുരത്ത് മരണപ്പെട്ട പെൺകുട്ടി നിസ്സഹായതയുടെ ഏതറ്റത്തു നിന്നിട്ടാവും വീട്ടിലേക്കു വിളിച്ചിട്ടുണ്ടാവുക? അനാവശ്യമായി നമ്മളിലേക്കെത്തുന്ന ഒരു നോട്ടം പോലും അറപ്പുളവാക്കുന്നതാണെന്നിരിക്കെ എത്ര മാത്രം ശ്വാസംമുട്ടി പിടഞ്ഞു കാണും അവൾ. വൃത്തികെട്ട നോട്ടവും സ്പർശവും പെൺകുട്ടികളെ ആജീവനാന്ത ട്രോമയിലേക്ക് തന്നെ തള്ളിയിടുമെന്ന് ആർക്കാണറിയാത്തത്?
ചൈൽഡ് ഹെല്പ്ലൈനുകൾ നാടുനീളെ സദാ പ്രവർത്തനനിരതമായിരുന്നിട്ടും എന്തു കൊണ്ടാണ് മതപഠനത്തിന്റെ മറവിൽ പെൺകുട്ടികൾ ഇങ്ങനെ കൊല ചെയ്യപ്പെടുന്നത്? ഫറവോന്റെ പിന്മുറക്കാരായ മതാദ്ധ്യാപകർ വീണ്ടും വീണ്ടും സംരക്ഷിക്കപ്പെടുന്നത്?
അല്ലെങ്കിൽ തന്നെ ഖുർആനിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതേ കൃത്യതയോടെയും സത്യസന്ധതയോടെയുമാണോ ഈ അദ്ധ്യാപകർ പഠിപ്പിക്കാറുള്ളത്?
ഏറ്റവുമധികം അന്ധവിശ്വാസങ്ങൾ തലച്ചോറിൽ ശേഖരിക്കപ്പെടുന്നത് മദ്രസ്സ പഠനകാലത്താണ്. കുട്ടികൾ മാനസികമായി വളരുകയല്ല, അങ്കലാപ്പിലാവുകയാണ് ചെയ്യുന്നത് ഓത്തുപള്ളിക്കാലത്ത്. ഭർത്താവിന്റെ ചൊൽപ്പടിക്ക് നിന്നില്ലെങ്കിൽ നരകത്തിൽ പോകുമെന്നും അനുസരണക്കേട് കാണിച്ചാൽ യാതൊരു മുന്നറിയിപ്പും കൂടാതെ അയാൾക്കവളെ മൊഴി ചൊല്ലാമെന്നും പറഞ്ഞു പേടിപ്പിക്കുന്ന മതാദ്ധ്യാപകർ, ഇഷ്ടമില്ലാത്ത ദാമ്പത്യത്തിൽ നിന്നും പെൺകുട്ടിക്ക് സ്വമേധയാ ഇറങ്ങിപ്പോകാനുള്ള നിയമവും ഉണ്ടെന്ന് എന്തു കൊണ്ട് പറഞ്ഞു കൊടുക്കുന്നില്ല?
സുന്നത്തു കർമ്മത്തിന്റെ പ്രാക്റ്റിക്കൽ വശം കാണിച്ചു കൊടുക്കാൻ മുതിർന്ന മൊയ്ല്യാരോട് എന്റെ സുന്നത്ത് കഴിഞ്ഞതാണ് ഉസ്താദേ എന്നു കരഞ്ഞു പറഞ്ഞ പയ്യനെ, “ന്നാ ഇന്റതും അന്റതും വിത്യാസംണ്ടോന്നൊന്ന് നോക്കട്ടെ” എന്നു നിർബന്ധിച്ച കാടത്തത്തെ എന്തു പറഞ്ഞാണ് വിമർശിക്കേണ്ടത്?
ഇത്രയൊക്കെയായിട്ടും വീണ്ടും വീണ്ടും മതം പഠിക്കാൻ ഇത്തരം സ്ഥാപനങ്ങളിലേക്ക് സ്വന്തം കുട്ടികളെ നടതള്ളുന്ന മാതാപിതാക്കൾക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടത്.
ഇസ്ലാമിക ശരീഅഃത്തും നബിചര്യയും പിൻപറ്റുന്നവരാണത്രെ മതപണ്ഡിതൻമാർ. കട്ടവന്റെ കൈ വെട്ടുന്നതും വ്യഭിചാരിയെ കല്ലെറിയുന്നതും നബിയുടെ കാലത്തെ ശിക്ഷാരീതികളായിരുന്നു. അതെന്തുകൊണ്ടാണ് നിങ്ങൾ പിന്തുടരാത്തത്? കള്ളന്മാർ കപ്പലിൽ തന്നെ ഇരിക്കുന്ന കാലത്തോളം, ആര് ആരെ ശിക്ഷിക്കാൻ. അല്ലേ?
ഒരു കുഞ്ഞും ഈ ഭൂമിയിൽ സുരക്ഷിതല്ല. ഡോക്ടർ വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കൊല ചെയ്തതും ഒരു അദ്ധ്യാപകൻ തന്നെയല്ലേ? ഇതെല്ലാം കണ്ടും കേട്ടും ഇന്നാട്ടിലെ യുവജന കമ്മീഷനും വനിതാ കമ്മീഷനും ചൈൽഡ് വെൽഫയർ കമ്മറ്റിയുമൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ, അല്ലേ?
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, കരാട്ടെയും കളരിപ്പയറ്റും പഠിച്ചതു കൊണ്ട് മാത്രം കാര്യമായില്ല, ഇതുപോലെയുള്ള അസുരജന്മങ്ങളെ നാക്കു കൊണ്ട് നേരിടാനും നിങ്ങൾ കരുത്തരാകണം. ഇഷ്ടമില്ലാത്ത തരത്തിൽ ഒരു സ്പർശനം ഏൽക്കുമ്പോൾ തന്നെ ഉറക്കെ പ്രതികരിക്കാൻ നിങ്ങൾ സന്നദ്ധരാകണം. ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾക്കു നേരെ തിരിഞ്ഞൊന്നു കുരച്ചെന്നു കരുതി ഒരു പടച്ചോനും നിങ്ങളെ നരകത്തിൽ കൊണ്ടിടുകയില്ല.
സ്വന്തം ജീവൻ തുലഞ്ഞുപോകും വിധമുള്ള മത പഠനം കൊണ്ട് നിങ്ങളും നിങ്ങളുടെ വീട്ടുകാരും എന്താണ് നേടാൻ പോകുന്നത്? ഇവരൊന്നും സ്വയം വിശ്വസിക്കാത്തതും സ്വന്തം അധമവികാരപൂർത്തീകരണത്തിനു വേണ്ടി, ഉണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുമായ സ്വർഗ്ഗമോ?
ദൈവത്തിലേക്കെത്താൻ നമുക്ക് വേണ്ടത് ശുദ്ധമായ മനസ്സും പ്രവർത്തികളുമാണ്. സ്വയം ഇടനിലക്കാരാകുന്നവരുടെ ഇത്തരം പീഡനങ്ങളല്ല.- ഇത്തരത്തിലാണ് സജ്ന ഷാജഹാന്റെ കുറിപ്പ്.
Discussion about this post