തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്) ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വിദ്യാര്‍ഥികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ഡോ. ഇമ്മാനുവല്‍ പറഞ്ഞു. സര്‍ഗാത്മകതയ്ക്കും അഭിരുചിക്കുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് വിലയിരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ വിഭാവനം ചെയ്ത മാറ്റങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഐസര്‍ തിരുവനന്തപുരം ഡയറക്ടര്‍ പ്രൊഫ. ജരുഗു നരസിംഹമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തില്‍ കുട്ടികള്‍ നേടിയ നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഒരു രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ശാസ്ത്രത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി വിവേകാനന്ദ പൈ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ട് വരെ ലോക ജിഡിപിയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നായിരുന്നു. മാതൃഭാഷയില്‍ ശാസ്ത്രം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും നമ്മുടെ അഭിമാനകരമായ ശാസ്ത്ര പൈതൃകം പഠിക്കാനും അഭിനന്ദിക്കാനും സംസ്‌കൃതത്തിലുള്ള അറിവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍- എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വിവിഎം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബ്രജേഷ് പാണ്ഡെ, ഡോ. മയൂരി ദത്ത്, ഡോ. അരവിന്ദ് സി റാനഡെ, പ്രവീണ്‍ രാംദാസ്, രാജീവ് സി.നായര്‍, ആര്‍. അബ്ഗ. ഡോ. കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
412 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്‍ഡോറിലെ ഐഐടി പ്രൊഫസറും വിവിഎം നാഷണല്‍ കണ്‍വീനറുമായ ഡോ. പ്രശാന്ത് കോഡ്ഗിരെ വിവിഎം 2022ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
Discussion about this post