ഏറ്റുമാനൂര്‍: നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഡോ. രാമകൃഷ്ണന്‍ നായര്‍ക്കും ഭാര്യ ഡോ. സരസുവിനും സ്വന്തമായുണ്ടായിരുന്നത് 25 കോടിയിലധികം വിലമതിയ്ക്കുന്ന വസ്തുവകകള്‍. ഏറ്റുമാനൂരില്‍ നിന്നും പാലായ്ക്കുള്ള ഹൈവേയോട് ചേര്‍ന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനു സമീപത്തായി 65 സെന്റ് ഭൂമിയും അതിവിശാലമായ 10,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിട സമുച്ചയവും. രണ്ടു നിലകളിലായി നിരവധി റൂമുകള്‍. യു.കെ.യില്‍ ഡോക്ടര്‍മായി വിരമിച്ച ഡോക്ടര്‍ ദമ്പതിമാരുടെ ഈ സ്വത്തുക്കള്‍ മുഴുവനായി അവര്‍ സേവാഭാരതിയ്ക്കു കൈമാറിയിരിക്കുകയാണ്. ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടില്‍ ഡോക്ടര്‍ രാജശേഖരന്‍ നായരുടെ അച്ഛന്‍ ഡോക്ടര്‍ രാം കെ. നായരും അമ്മ ഡോക്ടര്‍ എം.കെ. ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരില്‍ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടര്‍മാരായിരുന്നു. അമ്മ മിഡ് വൈഫ് ആയും ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനല്‍കുന്നത്.
രാമകൃഷ്ണ ലേഡീസ് ഹോസ്റ്റല്‍ എന്ന പേരില്‍ ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയര്‍ യൂണിറ്റ്, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവര്‍ക്ക് പകല്‍വീട്, ഡയാലിസിസ് സെന്റര്‍, തൊഴില്‍ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയസേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് ഓഫീസ് എന്നിവയും ഇനിയിവിടെയാകും പ്രവര്‍ത്തിയ്ക്കുക. തന്‍റെ ബാല്യത്തിലെയും യൗവ്വനത്തിലെയും ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകള്‍ നിറഞ്ഞ രാമകൃഷ്ണ ബില്‍ഡിംഗ് സേവാഭാരതിയ്ക്കു കൈമാറാനുള്ള ആഗ്രഹം പ്രവര്‍ത്തകരോട് അവതരിപ്പിച്ച ഡോ. രാജശേഖരന്‍ നായര്‍, തന്‍റെ മാതാപിതാക്കള്‍ സേവനമായാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് സേവനകാര്യങ്ങള്‍ മാത്രമേ ഈ ഭൂസ്വത്തുപയോഗിച്ചു ചെയ്യാവൂ എന്നും മാതാപിതാക്കളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കെട്ടിടത്തിന്‍റെ പേര് നിലനിര്‍ത്തമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്. സമാജസേവനത്തിനായി സ്വത്തിന്‍റെ, സമ്പാദ്യത്തിന്‍റെ നല്ലൊരു ഭാഗവും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ദാനം ചെയ്യുകയാണ് ഇരുവരും ചെയ്തത്.
Discussion about this post