കാസര്‍കോട്: സ്വയം പര്യാപ്തമായ രാഷ്ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്നത്. വിദേശരാജ്യങ്ങളോടുള്ള ആശ്രയത്വം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗണ്യമായി കുറയ്ക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികള്‍ സ്വയം പര്യാപ്തമായ രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. ഓരോ പാവപ്പെട്ടവന്റെയും വികാസം സാധ്യമാകുമ്പോള്‍ മാത്രമാണ് സാമൂഹ്യ വികാസം പൂര്‍ണമാകുന്നത്. ഇതിനായി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഇവ താഴെത്തട്ടില്‍ എത്തിക്കുന്നത് വെല്ലുവിളിയാണ്. ഇത് മറികടക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. ഗവേഷകര്‍ക്ക് മാത്രമായുള്ള ഒരു പുതിയ ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിന് മന്ത്രി സഹായവും വാഗ്ദാനം ചെയ്തു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍വകലാശാല മുന്‍ഗണന നല്‍കുന്നതായി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ചൂണ്ടിക്കാട്ടി. രണ്ട് ഹോസ്റ്റലുകളുടെ നിര്‍മ്മാണവും ലൈബ്രറിയുടെ പുതിയ കെട്ടിടവും ഉടന്‍ പൂര്‍ത്തിയാകും. മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ സര്‍വകലാശാലയ്ക്ക് സാധിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ.കെ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. അമരാവതി, മധുവാഹിനി എന്നീ രണ്ട് ഹോസ്റ്റലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ടിലുമായി 500 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സാധിക്കും.
Discussion about this post