കൊച്ചി: മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മഹാനുഭാവനായിരുന്നു കവി എസ്. രമേശന്‍ നായര്‍ എന്ന് സംഗീതജ്ഞന്‍ ടി.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കവി എസ്. രമേശന്‍ നായരുടെ രണ്ടാം സ്മൃതിദിനത്തോട് അനുബന്ധിച്ച് തപസ്യ കലാസാഹിത്യ വേദി തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച രമ്യസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ആകാശവാണിയില്‍ ആരംഭിച്ച പരിചയം മരണം വരേയും തുടര്‍ന്നു. 82 ല്‍ അദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ പുഷ്പാഞ്ജലിയും വനമാലയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റി. വയലാറിനു തുല്യമായ സ്ഥാനമാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കുന്നത്. തിരുമുടിമാല ഗുരുവായൂര്‍ ഭക്തിഗാനം ബാക്കി വച്ചാണ് അദ്ദേഹം നമ്മെ കടന്നു പോയത്.ഗാനത്തില്‍ സാഹിത്യവും കൂടി ചേര്‍ത്ത് മനോഹരമാക്കുന്ന പാടവം അദ്ദേഹത്തിന് മാത്രം സിദ്ധിച്ചതാണ്, ടി.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. തപസ്യ എറണാകുളം ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, രമേശ് ലക്ഷ്മണന്‍, കെ.എസ്. കൃഷ്ണമോഹന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post