വാണിമേല്‍ (കോഴിക്കോട്): രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധമുയര്‍ത്തുകയാണ് ബലിദാനിയായ പി.എം. ഭാസ്‌കരന്‍ മാസ്റ്ററുടെ മകന്‍ ശ്രീജിത്ത് മൂത്തേടത്ത്. 1997ല്‍ തന്‍റെ മുന്നില്‍ വെച്ച് അച്ഛനെ സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ട് വിറങ്ങലിച്ച ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ കഴിഞ്ഞ നാലുവര്‍ഷമായി സ്വന്തം കൃതികള്‍ അച്ഛന്‍റെ ബലികുടീരത്തില്‍ സമര്‍പ്പിക്കുകയാണ് യുവ എഴുത്തുകാരനായ ശ്രീജിത്ത്.
അച്ഛന്‍റെ ബലിദാന ദിനത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ശ്രീജിത്ത് സ്വന്തം പുസ്തകം സമര്‍പ്പിക്കുന്നത്. ഏറ്റവും പുതിയ കൃതിയായ ‘തൂവല്‍ത്തൊട്ടില്‍’ എന്ന ബാലസാഹിത്യ നോവല്‍ ആണ് ബലികുടീരത്തില്‍ ഇന്നലെ ശ്രീജിത്ത് മൂത്തേടത്ത് സമര്‍പ്പിച്ചത്. ബിജെപി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ജില്ലാ അദ്ധ്യക്ഷന്‍ വി.കെ. സജീവന് പുസ്തകം കൈമാറി. തുടര്‍ന്ന് പുസ്തകം ഭാസ്‌കരന്‍ മാസ്റ്ററുടെ ഛായാചിത്രത്തിനുമുന്നില്‍ സമര്‍പ്പിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ തുമ്പികള്‍, നിണവഴിയിലെ നിഴലുകള്‍, പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്നീ പുസ്തകങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ശ്രീജിത്ത് മൂത്തേടത്തിന്‍റെ പതിനാലാമത്തെ പുസ്തകമാണ് തൂവല്‍ത്തൊട്ടില്‍. ഓര്‍മ്മദിനങ്ങളില്‍ ഓരോ പുസ്തകങ്ങള്‍ സമര്‍പ്പിക്കുക വഴി അക്രമത്തിനെതിരെ അക്ഷരങ്ങള്‍ എന്ന സന്ദേശമുയര്‍ത്തനാണ് ശ്രമിക്കുന്നതെന്ന് ശ്രീജിത് പറഞ്ഞു. നല്ലൊരു വായനക്കാരനും സഹൃദയനുമായിരുന്ന അച്ഛന്‍റെ ഓര്‍മദിനം അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധമായി മാറ്റുകയാണ് അധ്യാപകന്‍ കൂടിയായ ശ്രീജിത്ത് മൂത്തേടത്ത്.
Discussion about this post