കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ പരസ്യമുദ്ര പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത കീഴ്വഴക്കമാണ് നിലവിലുള്ള ഭരണസമിതി സൃഷ്ടിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എന്ന നിലയിലാണ് 30 എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറില്‍ വാര്‍ഷികാഘോഷത്തിനു വേണ്ടി ഉണ്ടാക്കിയ ലോഗോ അച്ചടിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അക്കാദമി പ്രസിഡന്റായ കവി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്. അക്കാദമി ഭരണസമിതിയിലുള്ള മറ്റാരും ഇതേകുറിച്ച് പ്രതികരിച്ചതായി അറിവില്ല.
സര്‍ക്കാര്‍ പരസ്യം പുസ്തകങ്ങളില്‍ അച്ചടിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണ് സച്ചിദാനന്ദന്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ എതിര്‍പ്പുള്ള മറ്റ് അംഗങ്ങളും ഭരണസമിതിയില്‍ നിന്ന് രാജിവയ്ക്കണം. സച്ചിദാനന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ പരസ്യം പതിച്ച പുസ്തകങ്ങള്‍ അടിയന്തരമായി പിന്‍വലിക്കുകയാണ് വേണ്ടതെന്നും തപസ്യ ആവശ്യപ്പെട്ടു.
സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ കേന്ദ്ര സാഹിത്യ അക്കാദമി തുടക്കം മുതല്‍ ഇന്നേവരെ നിലനിര്‍ത്തിയിട്ടുള്ള സ്വതന്ത്ര നിലപാടും രാഷ്ട്രീയ നിരപേക്ഷതയും മാതൃകയാക്കുന്ന തരത്തില്‍ കേരള സാഹിത്യ അക്കാദമിയിലും മാറ്റങ്ങളുണ്ടാകണമെന്നും തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Discussion about this post