തിരുവനന്തപുരം: തലസ്ഥാനം മാറ്റുന്നതിനെ ചൊല്ലി വിവാദങ്ങൾ നടക്കുന്നതിനിടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടത്തുമെന്ന് സർക്കാരിന്റെ അറിയിപ്പെത്തി. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസൂത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശച്ചു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ വകുപ്പുകളുടെ ഫ്‌ലോട്ടുകൾ എന്നിവ സജ്ജമാക്കും.
പ്രത്യേകം പച്ചക്കറി ചന്തകൾ ആരംഭിച്ച് കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കണം. പച്ചക്കറി ഉൾപ്പെടെ സാധന സാമഗ്രികൾ പരമാവധി വിലകുറച്ച് നൽകാനാവണം. വട്ടവട, കാന്തലൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വിഭവങ്ങൾ കർഷകരിൽ നിന്ന് സമാഹരിക്കാൻ ഹോർട്ടികോർപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം.
പൂഴ്‌ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം തുടങ്ങിയവയാണ് നിർദ്ദേശം.മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെഎൻ ബാലഗോപാൽ , ജി.ആർ അനിൽ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, സജി ചെറിയാൻ, വി.എൻ വാസവൻ, എം.ബി രാജേഷ്, വി.ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post