കോട്ടയം: അടുത്ത ദശാബ്ദം ഭാരതത്തിന്റേതാകുമ്പോള്‍ നയിക്കുക ബാലഗോകുലം പോലുള്ള സംഘടനകളിലൂടെ വളര്‍ന്നുവരുന്ന ബാലികാ ബാലന്മാരുടെ നൈപുണ്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബാലഗോകുലത്തിന്റേത് പുതിയ ഇന്ത്യയെ ചിട്ടപ്പെടുത്തുന്ന അടിസ്ഥാന പ്രവര്‍ത്തനമാണെന്നും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബാലഗോകുലം ഭാരതീയ സംസ്‌കാരത്തിന്റെ പാരമ്പര്യത്തിന്റെ പ്രകാശഗോപുരമാണ്. കുട്ടികളുടെ സാംസ്‌കാരിക വികാസത്തിന് പ്രാധാന്യം നല്‍കുന്ന സംഘടന ബാല്യത്തിന് വഴികാട്ടുന്നു. ലോകം കാണുന്നതും കാതോര്‍ക്കുന്നതും പുതിയ ഇന്ത്യയെയാണ്. സമൂഹം ബാലഗോകുലത്തെ കാണുന്നതും വലിയൊരു പ്രതീക്ഷയോടെയാണ്. ആധുനികവും സുശക്തവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിന് ഈ സംഘടനയ്ക്ക് നിര്‍വ്വഹിക്കാനുള്ളത് വലിയൊരു ഭാഗധേയമാണ്. വരുംവര്‍ഷങ്ങള്‍ അതില്‍ നിര്‍ണ്ണായകമാണ്. സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവേണം മുന്നോട്ടുപോകുവാന്‍.
ഭാരതത്തിലെ സാഹചര്യങ്ങള്‍ വളരെയേറെ മാറിയിരിക്കുന്നു. ഇന്നിവിടെ വിവിധമേഖലകളില്‍ ഉയര്‍ന്നുവരുന്നതിന് തടസ്സങ്ങളില്ല. കഴിവുറ്റ നിരവധി വ്യക്തികളും സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനങ്ങളും അങ്ങനെ ഉയര്‍ന്നുവരുന്നു. അവസരങ്ങള്‍ നിരവധിയാണ്. സാമ്പത്തികവും സൈനികവുമായ ശക്തിയായി ഭാരതം മുന്‍നിരയിലാണ്. അതില്‍ ഏറ്റവും മുന്നിലേക്ക് താമസമില്ലാതെ നാം എത്തിച്ചേരും. ഇനി കടന്ന് വരുവാനുള്ളത് മഹത്തായ പരിവര്‍ത്തനത്തിന്റെ ദശാബ്ദ്ദമാണ്.ലോകത്തിന് മുന്നില്‍ മോദിജി പറയുന്നത് ‘അടുത്ത ദശാബ്ദ്ദം ഭാരതത്തിന്റെതാണ്’ ബാലഗോകുലങ്ങളിലൂടെ വളര്‍ന്നു വരുന്ന ആയിരക്കണക്കിന് ബാലികാബാലകന്മാരുടെ നൈപുണ്യമായിരിക്കും ആ മഹത്തായ പരിവര്‍ത്തനത്തിന്റെ ദശാബ്ദ്ദത്തെ വരവേല്‍ക്കുക രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ജയരാജ്, സാമ്പത്തിക വിദഗദ്ധന്‍ എസ്. ആദികേശവന്‍, ആര്‍.എസ്.എസ്. പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ബി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post