തൃശൂര്‍: ആയുര്‍വേദം ആരോഗ്യപരിപാലനത്തിന് ചിട്ടയും, പരിരക്ഷയും നല്‍കുന്നുവെന്ന് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദം നിഷ്ഠയുടെ ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. റീജ്യണല്‍ തിയേറ്ററില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദത്തെക്കുറിച്ച് സിനിമയില്‍ തനിക്ക് പല കാര്യങ്ങളും പറഞ്ഞുതന്നത് മുതിര്‍ന്ന നടനായ മധുവാണ്. കര്‍ക്കിടകത്തില്‍ അദ്ദേഹം സിനിമയില്‍ അഭിനയിക്കാറില്ല. പൂര്‍ണമായും ആയുര്‍വേദ ചികിത്സയിലായിരിക്കും. സിനിമയില്‍ നിന്ന് എത്ര വലിയ ഓഫര്‍ വന്നാലും ആയുര്‍വേദ പരിചരണത്തില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കാറില്ലെന്നും പ്രിയദര്‍ശന്‍ ഓര്‍മിച്ചു. മധുവില്‍ നിന്ന് ഉപദേശം ഉള്‍ക്കൊണ്ട് താനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ആയുര്‍വേദ ചികിത്സാ സമ്പ്രദായം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിന്റെ ശക്തികളിലൊന്നും, ലോകത്തിന് മുന്നില്‍ രാജ്യം അഭിമാനപൂര്‍വം മൂന്നോട്ടുവെക്കുന്ന ചികിത്സാ സമ്പ്രദായവുമാണ് ആയുര്‍വേദമെന്നും അദ്ദേഹം പറഞ്ഞു.
രോഗനിര്‍ണയത്തിനുള്ള വൈദഗ്ധ്യമാണ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനയോഗ്യതയെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ എഴുത്തുകാരനായ കെ.സി. നാരായണന്‍ അഭിപ്രായപ്പെട്ടു. രോഗനിര്‍ണയത്തില്‍ പരാജയപ്പെട്ടാല്‍ വൈദ്യനാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃഷ്ടി കൊണ്ടും, സ്പര്‍ശം കൊണ്ടും, ഗന്ധത്താലും രോഗനിര്‍ണയവും, ചികിത്സയും നടത്തിയിരുന്ന നാടായിരുന്നു നമ്മുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരമ്പരാഗത രീതികളെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ചുള്ള സമഗ്രമായ ചികിത്സാരീതികളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസിന്റെ 26ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് സ്ഥാപക ദിനം ആചരിച്ചത്. വൈദ്യരത്നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, എക്സി. ഡയറക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്, കൗണ്‍സിലര്‍ സി.പി. പോളി, വൈദ്യരത്നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യന്‍ എ.പി.ഡി. നമ്പീശന്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ലത, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ദേവിക ഹരികുമാര്‍, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ടി.എന്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളില്‍ ഡോ. വര്‍ഗീസ് ജെയിംസ്, ഡോ. സി.എം. ശ്രീകൃഷ്ണന്‍, ഡോ. പി.എം. മധു, ഡോ. അബ്ദുള്‍ റൗഫ് എന്നിവര്‍ ക്ലാസെടുത്തു. ഡോ. രചിത ആര്‍. വാര്യര്‍ മോഡറേറ്ററായി.
Discussion about this post