കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36) മൂന്നാംപ്രതി ആലുവ സ്വദേശി എം.കെ.നാസര്‍(48) അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതി ശിക്ഷിച്ചത്. മൂന്നുപേര്‍ക്കും 50,000 രൂപ പിഴയും ചുമത്തി. കഴിഞ്ഞദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. പ്രതികള്‍ പ്രൊഫ. ടി.ജെ. ജോസഫിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒമ്പതാംപ്രതി ആലുവ സ്വദേശി എം.കെ.നൗഷാദ്(48) 11-ാം പ്രതി ആലുവ സ്വദേശി പി.പി.മൊയ്തീന്‍കുഞ്ഞ്(60) 12-ാംപ്രതി ആലുവ സ്വദേശി പി.എം.അയൂബ്(48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നുവര്‍ഷമോ അതിന് താഴെയോ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേല്‍ക്കോടതിയെ സമീപിക്കാനായി ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കേസില്‍ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ആറുപ്രതികള്‍ കൂടി കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞു.
2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു.
2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ നടത്തിയത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോവുകയും ആദ്യഘട്ട വിചാരണയ്ക്കുശേഷം അറസ്റ്റിലാവുകയുംചെയ്ത പ്രതികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ആക്രമണം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുന്നത്.
എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കറാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. വിചാരണയുടെ ആദ്യഘട്ടത്തില്‍ പ്രോസിക്യൂഷനുവേണ്ടി പി.ജി. മനുവും പിന്നീട് സിന്ധു രവിശങ്കറും ഹാജരായി.
പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടി.ജെ. ജോസഫിനെ ആക്രമിച്ച സംഘത്തില്‍ സജില്‍ ഉണ്ടായിരുന്നു. ഭീകരസംഘടനയില്‍ അംഗമായ എം.കെ. നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്.പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചത് ഇയാളാണെന്നും കോടതി വിലയിരുത്തി. നൗഷാദ്, മൊയ്തീന്‍കുഞ്ഞ്, അയൂബ് എന്നിവര്‍ക്കെതിരേ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടാംഘട്ട വിചാരണയില്‍ പ്രതികളായ അഞ്ചുപേരെ കോടതി കഴിഞ്ഞദിവസം വെറുതവിട്ടു. ഷഫീഖ് (31), അസീസ് ഓടക്കാലി (36), മുഹമ്മദ് റാഫി (40), ടി.പി. സുബൈര്‍ (40), മന്‍സൂര്‍ (52) എന്നിവരെയാണ് വെറുതേവിട്ടത്. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒന്നാംപ്രതിയായ സവാദ് (33) ഒളിവിലാണ്. സവാദ് വിദേശത്താണെന്നാണ് പറയപ്പെടുന്നത്.
കൈവെട്ടുകേസ്: കുറ്റങ്ങള്‍ ഇങ്ങനെ
• സജില്‍:യു.എ.പി.എ. നിയമം: സെക്ഷന്‍ 15 (രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനം), 16 (ഗൂഢാലോചന), 20 (ഭീകരസംഘടനയില്‍ അംഗമാകല്‍)ഇന്ത്യന്‍ ശിക്ഷാ നിയമം:സെക്ഷന്‍ 307 (വധശ്രമം), 143 (നിയമവിരുദ്ധമായി സംഘംചേരല്‍), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കല്‍), 201 (തെളിവുനശിപ്പിക്കല്‍), 212 (പ്രതികളെ സംരക്ഷിക്കല്‍), 341 (അന്യായമായി തടഞ്ഞുവെക്കല്‍), 427 (നാശമുണ്ടാക്കല്‍), 323 (പരിക്കേല്‍പ്പിക്കല്‍), 324 (മാരകായുധങ്ങള്‍ ഉപയോഗിച്ചു പരിക്കേല്‍പ്പിക്കല്‍), 326 (മാരകായുധങ്ങള്‍ ഉപയോഗിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍), 153 എ (മതസ്പര്‍ധ വളര്‍ത്തല്‍), 120 ബി (കുറ്റകരമായ ഗൂഢാലോചന. വിവിധ കുറ്റങ്ങളോടു ചേര്‍ത്താണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.)സ്ഫോടകവസ്തു നിയമം: സെക്ഷന്‍ 3 (ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടനം).
• നാസര്‍ : യു.എ.പി.എ. നിയമപ്രകാരം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനം, ഗൂഢാലോചന എന്നിവയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിയമവിരുദ്ധമായി സംഘംചേരല്‍, പ്രതികളെ സംരക്ഷിക്കല്‍ എന്നിവയും ഒഴികെ രണ്ടാംപ്രതിക്ക് ചുമത്തിയ കുറ്റങ്ങള്‍
• നജീബ് : യു.എ.പി.എ. നിയമപ്രകാരം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനം, ഗൂഢാലോചന എന്നിവയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിയമവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങളുമായി കലാപമുണ്ടാക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നിവയുമൊഴികെ രണ്ടാംപ്രതിക്ക് ചുമത്തിയ കുറ്റങ്ങള്‍
• നൗഷാദ്, മൊയ്തീന്‍കുഞ്ഞ്, അയൂബ്: ഇന്ത്യന്‍ ശിക്ഷാനിയമം: സെക്ഷന്‍ 202 (കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം നല്‍കാതിരിക്കല്‍) 212 (പ്രതികളെ സംരക്ഷിക്കല്‍ ) 120 ബി (കുറ്റകരമായ ഗൂഢാലോചന. വിവിധ കുറ്റങ്ങളോടുചേര്‍ത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്)
Discussion about this post