തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് 25000 രൂപ പിഴ ലഭിച്ചത്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി.
മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ അനുഭവിക്കണം. ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്.
മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ സ്കൂട്ടറുമായി മോട്ടോർ വാഹന വകുപ്പ് സംഘത്തിന്റെ മുന്നിൽ പെട്ടതോടെയാണ് സംഭവത്തിൽ കേസെടുത്തത്.
കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. സംഭവത്തിൽ അച്ഛൻ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയത്.
Discussion about this post