സിപിഐഎം ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് എഴുത്തുകാരിയും മുസ്ലീം വുമൺ ജെന്റർ ജസ്റ്റിസ് ഫോറം ചെയർപേഴ്സണുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. എന്നാൽ യോഗത്തിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. മത നേതൃത്വങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും പിണങ്ങുമോ എന്ന ആശങ്കയാകാം ഒരുപക്ഷേ അതിന് കാരണം. അല്ലെങ്കിൽ വ്യക്തിനിയമങ്ങളിൽ പരിഷ്‌കരണം വേണമെന്ന എന്റെ നിലപാടാകും സംഘാടകരെ പിന്തിരിപ്പിക്കാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു. മതനേതാക്കളെ ഭയന്നാണോ മുസ്ലീം വനിതകളെ വേദിയിൽ ഇരുത്താതിരുന്നതെന്ന് അറിയില്ല. വ്യക്തി നിയമ പരിഷ്‌കരണം മുസ്ലീം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന നയത്തിൽ നിന്ന് സിപിഎം മാറുമെന്ന് ഞാൻ കരുതുന്നു. എനിക്ക് അതിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.
പാർട്ടികകത്ത് ഏകീകൃത സിവിൽകോഡിനെ ചൊല്ലി ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ നടന്ന സെമിനാറിൽ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയും പ്രധാന സമസ്ത നേതാക്കളും സിപിഎം സെമിനാറിൽ നിന്നും വിട്ട് നിന്നത്. സെമിനാറിൽ നിന്ന് ഇപി ജയരാജൻ മാറി നിന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും വിവാദങ്ങൾക്കൊടുവിൽ നടന്ന സെമിനാറിന്റെ ശോഭക്കെടുത്തി. രാഷ്‌ട്രീയ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുന്നതെന്ന വിമർശനവും മുസ്ലീം സ്ത്രീകൾക്ക് വേദിയിൽ ഇടമില്ലാത്തതും സമസ്തയുടെ നേതാക്കൾ സെമിനാറിനെത്താത്തതുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി.
Discussion about this post