തൃശൂര്‍ : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണം കവര്‍ന്ന തൃശ്ശൂര്‍ സ്വദേശി എന്‍ഐഎയുടെ പിടിയില്‍. തൃശൂര്‍ മതിലകം കോട സ്വദേശി ആഷിഫാണ് പിടിയിലായത്. കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.
ടെലഗ്രാമില്‍ പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് ആഷിഫ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച് ആഷിഫും സംഘവും സത്യമംഗലം വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. കേസില്‍ ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്.
ഒരു കൊലക്കേസിലും പ്രതിയാണ് ആഷിഫ്. ഇയാളുടെ നേതൃത്വത്തില്‍ ഒരു പൊതുമേഖലാ ബാങ്കിലും ഒരു സഹകരണ സംഘത്തിലും ഒരു ജുവല്ലറിയിലും മോഷണം നടത്താനും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്, എടിഎം കവര്‍ച്ച തുടങ്ങിയവയ്ക്കും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇയാള്‍ക്കെതിരെ യുഎപിഎ കുറ്റവും ചുമത്തിയിട്ടുണ്ട്. മൂന്ന് മാസത്തോളം ഇയാളെ നിരീക്ഷിച്ചശേഷമാണിപ്പോള്‍ എന്‍ഐഎ പിടികൂടിയിരിക്കുന്നത്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ആഷിഫ് ദോദ്ദംപാളയത്തില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഒമ്പത് മാസത്തോളമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പരിസരവാസികളുമായി യാതൊരു അടുപ്പവും ഇയാള്‍ക്കില്ല. പിടിയിലായി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ആഷിഫിനെ രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു.
Discussion about this post