കൊച്ചി: ഹൈന്ദവ മൂര്‍ത്തികള്‍ മിത്താണന്ന് പറയുന്നവര്‍ ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി. ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റേതല്ല, വിശ്വാസികളുടേതാണ് എന്ന മുദ്രവാക്യം ഉയര്‍ത്തി ഈ മാസം ഒമ്പതിന് മൂന്ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്കും ക്ഷേത്ര രക്ഷാ മാര്‍ച്ച് നടത്തും.
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷിയാകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറും വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ പറഞ്ഞു.
വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടേതല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ് അറിയേണ്ടത്. തീവ്രവാദികള്‍ക്ക് വിത്തിടാന്‍ വയലൊരുക്കുകയാണ് ഷംസീര്‍ ചെയ്തത്. ഗണപതിനിന്ദ അദ്ദേഹം മനപ്പൂര്‍വം പറഞ്ഞതാണ്. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന സ്പീക്കര്‍ക്ക് തെറ്റുതിരുത്താന്‍ എന്താണ് പ്രയാസം? മലബാറില്‍ ഗണപതിയെ കുലദൈവമായി ആരാധിക്കുന്നവരുണ്ട്. അവര്‍ക്ക് നിരവധി ക്ഷേത്രങ്ങളുമുണ്ട്. ആ ക്ഷേത്രമെല്ലാം അടച്ചിടണമെന്നാണോ പറയുന്നത്. മതവിശ്വാസത്തിന് ഭരണഘടനപരമായ അവകാശമുണ്ട്. അധികാര സ്ഥാപനത്തിന്റെ പരിരക്ഷ ഉപയോഗിച്ചും രാഷ്ട്രീയപ്രേരിതവുമായാണ് സ്പീക്കര്‍ പ്രസ്താവന നടത്തിയതും അതില്‍ ഉറച്ച് നില്‍ക്കുന്നതും. ഹിന്ദു മതവുമായി ബന്ധപ്പെട്ട മൗലിക കാര്യങ്ങളെയാണ് അദ്ദേഹം വിമര്‍ശിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post