പെരിന്തല്‍മണ്ണ: സേവന ഗാഥകള്‍ രചിക്കുകയാണ് മലപ്പുറത്തും സേവാഭാരതി. അവരവരുടെ വിലപ്പെട്ട സമ്പാദ്യം സേവാഭാരതിയെ ഏല്‍പ്പിച്ച് ചാരിതാര്‍ത്ഥ്യത്തോടെ പുഞ്ചിരി തൂകുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. അങ്ങാടിപ്പുറം സ്വദേശിയായ സദാനന്ദന്‍ നെടുങ്ങാടിയും കുടുംബവുമാണ് അതിലെ ഏറ്റവും പുതിയ മാതൃക.
പൂന്താനത്തിന്റെ ജന്മസ്ഥലത്തിനടുത്തായുള്ള 40 ലക്ഷം വിലമതിക്കുന്ന 43 സെന്റ് ഭൂമിയാണ് സദാനന്ദന്‍ സേവാഭാരതിക്ക് സൗജന്യമായി നല്‍കിയത്. പെരിന്തല്‍മണ്ണ രജിസ്ട്രാര്‍ ഓഫീസില്‍ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ആര്‍എസ്എസ് അനുഭാവിയാണ് സദാനന്ദന്‍. ആര്‍എസ്എസിന്റെ ജന്മശതാബ്ദി വര്‍ഷമായ 2025 ആകുമ്പോഴേക്കും സേവാഭാരതിയുടെ നേതൃത്വത്തില്‍ ഒരു സേവാകേന്ദ്രം നിര്‍മ്മിക്കാനാണ് അദ്ദേഹം ഈ സ്ഥലം നല്കിയത്.
സൗദിയില്‍ അരാംകോ എന്ന പെട്രോളിയം കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു സദാനന്ദന്‍. ഭാര്യ കൃഷ്ണകുമാരി കോവിലമ്മ. ഏക മകള്‍ സുകൃത കോയമ്പത്തൂരില്‍ സ്ഥിരതാമസമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയപ്പോഴാണ് സേവാഭാരതിയെ സദാനന്ദന്‍ കൂടുതല്‍ അടുത്തറിഞ്ഞത്. പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. പിന്നീട് അങ്ങാടിപ്പുറം സേവാഭാരതി പഞ്ചായത്ത് സമിതിയുടെ അധ്യക്ഷനായി ചുമതല ഏറ്റെടുത്തു.
Discussion about this post