മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകിയ സംവിധായകൻ സിദ്ദിഖിന് വിട. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിയോഗം. ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം. തുടർന്ന് എക്‌മോ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മലയാള സിനിമയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലെത്തി സിദ്ദിഖിനെ അവസാനമായി ഒരുനോക്ക് കണ്ടിരുന്നു. നടൻ സിദ്ദിഖ്, ദിലീപ്, മേജർ രവി, ലാൽ, എംജി ശ്രീകുമാർ, ടിനി ടോം, സംവിധായകൻ ഷാഫി എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ഇസ്മായിലിന്റെ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 1984 മെയ് ആറിന് സജിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് സുമയ, സാറ, സുകൂൺ എന്നീ മൂന്ന് പെൺമക്കളുണ്ട്. കൊച്ചിൻ കലാഭവനിന്റെ ആദ്യ മിമിക്സ് പരേഡ് നടത്തികൊണ്ടാണ് സിദ്ദിഖ് ശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. അന്നുമുതൽ ഒപ്പം കൂടിയ സുഹൃത്തായിരുന്നു സംവിധായകനും നടനുമായ ലാൽ. സിദ്ദിഖ്-ലാൽ കോംമ്പോ 1986-ലാണ് മലയാള സിനിമാ മേഖലയിലേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.
Discussion about this post