തിരുവനന്തപുരം: നവ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ച ഓരോ ഉദ്യോഗാർത്ഥിയും ഏറ്റെടുത്തിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ – ഫിഷറീസ് സഹമന്ത്രി ഡോ.എൽ മുരുഗൻ പറഞ്ഞു. റോസ്ഗർ മേളയുടെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം നടന്ന ദേശീയ റോസ്ഗർ മേള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തത് വേദിയിൽ പ്രദർശിപ്പിച്ചു. റോസ്ഗർ മേളയുടെ കഴിഞ്ഞ ഏഴ് ഘട്ടങ്ങളിലായി 7 ലക്ഷം പേർക്കാണ് നിയമനം നൽകിയത്. നവ ഇന്ത്യയുടെ നിർമാണത്തിന് നൈപുണ്യ മനുഷ്യ വിഭവ ശേഷി ആവശ്യമാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. റോസ്ഗർ മേളയുടെ എട്ടാം ഘട്ടത്തിൽ കേരളത്തിൽ ആകമാനം1203 പേർക്കാണ് നിയമനം ലഭിച്ചത്. ചന്ദ്രയാൻ 3 ദൗത്യ വിജയം, പി എം ഗതിശക്തി, സ്റ്റാർട്ട് അപ്പ്, തുടങ്ങിയവയിലെ മുന്നേറ്റങ്ങൾക്ക് അമൃത് കാലത്ത് യുവ തലമുറ സാക്ഷ്യം വഹിക്കുന്നതായും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട 25 പേർക്ക് കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുഗൻ നിയമന പത്രം വിതരണം ചെയ്തു.
റോസ്ഗർ മേളയുടെ എട്ടാം ഘട്ടത്തിൽ 51,000 പേർക്കാണ് നിയമന ഉത്തരവ് കൈമാറ്റിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് റോസ്‌ഗർ മേള സംഘടിപ്പിച്ചത്. സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, സിഐഎസ്എഫ്, അസം റൈഫിൾസ് തുടങ്ങിയ സേന വിഭാഗങ്ങളിൽ സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിലാണ് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചത്. സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി വിനോദ് കാർത്തിക്, കമാൻഡന്റ് രാജേഷ് യാദവ്, ഡെപ്യൂട്ടി കമാൻഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം.
Discussion about this post