അഞ്ചൽ: പതിനൊന്നു വർഷമായി അരിപ്പ സമരഭൂമിയിൽ സമരഓണമുണ്ണാൻ വിധിക്കപ്പെട്ട ദലിത് – ആദിവാസി- ഇതര കുടുംബങ്ങൾ മഹാത്മ അയ്യൻകാളിയുടെ 160-ാം ജന്മദിനം ജന്മനക്ഷത്ര ദിനമായ അവിട്ടം നാളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി കേരളീയ നവോത്ഥാന നായകരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മഹാത്മ അയ്യൻകാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചിട്ടും പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ ആരെയോ ഭയപ്പെടുന്ന സർക്കാറിന്റെ ദലിത് വിരുദ്ധ നിലപാടുകൾ ചർച്ച ചെയ്യാൻ അച്ചടി, ദൃശ്യ മാധ്യമങ്ങൾ തയ്യാറാവാത്ത സാഹചര്യത്തിൽ അയ്യൻകാളിയുടെ പ്രാധാന്യം പുതു തലമുറയെ ബോധ്യപ്പെടുത്തുന്നതിന് ദലിത് – ആദിവാസി സമൂഹം തയ്യാറാവേണ്ടതുണ്ട്. അയ്യൻകാളിയുടെ പോരാട്ടങ്ങളോരോന്നും, ചരിത്രത്തെ മുഴുവൻ മാറ്റിമറിച്ചതും. കേരളത്തെ അയ്യൻകാളിക്ക് മുമ്പും, ശേഷവുമെന്ന കാലഗണനക്ക് വിധേയമാക്കേണ്ടതുമാണ്. ആധുനിക കാലത്ത് ചില ദലിത് സംഘടനകൾ നടത്തിവരുന്ന ഒത്തുതീർപ്പ് സമരങ്ങളും കൂടി ചേരലുകളും ഭരണകൂടങ്ങളിൽ നിന്ന് ലഭിക്കുന്ന ചില്ലറ നേട്ടങ്ങൾക്ക് സമുദായത്തെ അടിയറവെക്കുന്നതാണെന്നും സാധാരാണ മനുഷ്യർ ഭൂമിക്കും വിഭവാധികാരത്തിനും നടത്തിവരുന്ന സുദീർഘകാലമായി തുടർന്ന് വരുന്ന അതി ജീവന പോരാട്ടങ്ങളെ സർക്കാറിനോടൊപ്പം, ദലിത് സമുദായ നേതൃത്വങ്ങളും അവഗണിക്കുകയാണെന്ന് സമര ഭൂമിയിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ഏ.ഡി.എം.എസ്സ് നേതാക്കളായ വി. രമേശൻ , ഷൈനി പി വട്ടപ്പാറ, വി.സി. വിജയൻ , ബി.അശോകൻ , ഏ. അജിത, യു. മനോഹരൻ , സുനിത എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കുള്ള കലാ-കായിക മൽസരവും, പായസ ദാനവും നടന്നു.
Discussion about this post