തൃശ്ശൂർ: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച ഭീഷ്മഗീത എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂർ ശാരദാ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ സംസ്‌കൃത ഭാരതിയുടെ സംസ്ഥാന അധ്യക്ഷൻ ഡോ പി.കെ മാധവൻ പുസ്തകം പ്രൊഫ. കെ. വി വാസുദേവൻ നൽകി പ്രകാശനം ചെയ്തു സംസാരിച്ചു. കേന്ദ്രീയ സംസ്കൃത സർവകലാശാലയാണ് സംസ്‌കൃതത്തിലും ഹിന്ദിയിലുമായി രചിക്കപ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിഷയം എന്തുതന്നെയായാലും അതിനെക്കുറിച്ച് ആധികാരികമായും തത്ത്വപ്രധാനമായും യുക്തിഭദ്രമായും പ്രതിപാദിക്കുവാനും സന്ദർഭോചിതമായ മാർഗ്ഗദർശനം നൽകുവാനും സമർത്ഥനായ ആചാര്യനാണ് മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ. ബുദ്ധിമാനും ധർമ്മനിരതനുമായ യുധിഷ്ഠിരൻ തന്റെ രാഷ്ട്രമീമാംസയടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം തേടേണ്ടത് ഭീഷ്മാചാര്യരോടാണെന്നാണ് യോഗേശ്വരനായ ശ്രീ കൃഷ്ണൻ പോലും നിർദേശിക്കുന്നത്. അതനുസരിച്ച് യുധിഷ്ഠിരന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഭീഷ്മർ വിവിധ ധർമ്മങ്ങളെക്കുറിച്ചും മറ്റും നൽകുന്ന ഉപദേശങ്ങൾ ഏതുകാലത്തും പ്രസക്തിയുള്ളവയാണ്. ശാന്തിപർവത്തിലും മറ്റുമായി ചിതറിക്കിടക്കുന്ന അത്തരം തത്ത്വങ്ങൾ തിരഞ്ഞെടുത്ത് സരളമായ അർത്ഥത്തോടുകൂടി പ്രതിപാദിക്കുന്ന ആർ. ഹരിയുടെ (രംഗ ഹരി) “ഭീഷ്മഗീത” ഒരു അമൂല്യഗ്രന്ഥമാണെന്ന് പുസ്തകം പ്രകാശനം ചെയ്തു ഡോ പി.കെ മാധവൻ പറഞ്ഞു. മഹാഭാരതത്തെയും ഉത്തമ കഥാപാത്രങ്ങളെയും മറ്റും ദുർവ്യാഖ്യാനം ചെയ്യുന്ന പുതിയ എഴുത്തുകാരിൽ നിന്നും തികച്ചും വ്യത്യാസ്ഥനാണ് ശ്രീ. ആർ ഹരി. ബഹുഭാഷാപണ്ധിതനും സൂക്ഷ്മദൃക്കും ഉത്തമമാർഗ്ഗദർശകനുമായ ഈ ആധുനിക ഭീഷ്മാചാര്യരേയും അദ്ദേഹത്തിന്റെ സാഹിത്യത്തേയും ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.ഗിരിധർറാവു, ഡോ.പി നന്ദ കുമാർ, ഡോ. മഹേശ്വരൻ, പി. ആർ.ശശി തുടങ്ങിയവർ സംസാരിച്ചു.
Discussion about this post