മാവേലിക്കര : സനാതന ധർമ്മത്തിന്റെ ആധുനിക കാലത്തെ ഋഷിവര്യനാണ് മഹർഷി അരവിന്ദനെന്നും അരവിന്ദനെ പഠിച്ചാൽ സനാതനധർമ്മം ബോധ്യപ്പെടുമെന്നും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂൾ ഹാളിൽ നടന്ന അരവിന്ദസ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ദേശീയത സനാതന ധർമ്മമാണെന്നും അതിന്റെ ഉയർച്ചതാഴ്ച്ചകൾ ദേശീയതയേയും രാഷ്ട്രത്തേയും ബാധിക്കുമെന്നും മഹർഷി അരവിന്ദൻ അന്ന് പറഞ്ഞിട്ടുണ്ട്. ദേശീയതയേയും അരവിന്ദനേയും മനസ്സിലാക്കാത്തവരാണ് സനാതനധർമ്മത്തെ മതമായും വർണ്ണാശ്രമവുമായി ചിത്രീകരിക്കുന്നത്.
ലോകത്തെ ഒന്നായി കാണുന്ന ഭാരതീയ ആത്മീയഭാവത്തിന്റെ ആവിഷ്കാര പദ്ധതിയാണ് സനാതന ധർമ്മം. സർവ്വ ചരാചരങ്ങളേയും ഉൾക്കൊള്ളുന്ന സനാതന ധർമ്മം രാഷ്ട്രീയ വിഭജന ആശയവാദികൾ തെറ്റായി വ്യാഖ്യാനിക്കുന്നു.
അതിർവരമ്പുകളില്ലാതെ ആത്മീയത പ്രദാനം ചെയ്യുന്ന ഭാരതീയതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നാടിന്റെ ഉയർച്ചയിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്തവരാണ്. വ്യക്തികളിലെ ശുദ്ധീകരണ ശാക്തീകരണ പ്രക്രിയയാണ് സനാതന ധർമ്മം നിലനിർത്താനുള്ള മാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
സങ്കുചിതമായ വ്യക്തിതാത്പര്യത്തിൽ നിന്ന് വിശ്വഹിതത്തിലേക്കുയർന്ന് പൂർണ്ണനായ മനുഷ്യനാകാൻ സഹായിക്കുന്ന സാധനാപഥമാകണം രാഷ്ട്രമെന്ന് ആലപ്പുഴ സനാതന ധർമ്മ കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി ഡോ. എം.പി അജിത് കുമാർ ‘സനാതന ഭാരതം അരവിന്ദദർശനത്തിൽ’
എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. താനും രാഷ്ട്രവും വിശ്വവും ഒന്നാണെന്നുള്ള അനുഭൂതിയാകണം ഓരോ ഭാരതീയനിലും ഉണ്ടാകേണ്ടത്. ഇതാണ് വ്യക്തിസാധനകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ സാധനയിലൂടെ രാഷ്ട്ര നിർമ്മാണവും തദ്വാരാ വിശ്വമാനവികതയുടെ ബോധവികാസവുമാണ് ഭാരതത്തിന്റെ ദൗത്യമെന്ന ദർശനമാണ് അരവിന്ദൻ മുന്നാട്ട് വെച്ചത്. അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം
ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. ആർ രാജലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി. വിനു കുമാർ സ്വാഗതം പറഞ്ഞു.
“ആഗോള പ്രതിസന്ധിക്ക് പരിഹാരം മഹർഷി അരവിന്ദന്റെ ദർശനം “
എന്ന പ്രബന്ധം കോട്ടാൽ ജയകുമാറും
” വിദ്യാഭ്യാസം അരവിന്ദ ദർശനത്തിൽ ” എന്ന വിഷയം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് അസോ. പ്രൊഫ. ഡോ.വി. ജഗന്നാഥും എം അഖിലും അവതരിപ്പിച്ചു. ഡോ. ഹേമന്ദ് അരവിന്ദ് മോഡറേറ്ററായി.
പ്രൊഫ. ഇ. ഈശ്വരൻ നമ്പൂതിരി, കരിമ്പിൻപുഴ മുരളി, ഡി. രാധാകൃഷ്ണപിള്ള, കോട്ടാൽ ജയകുമാർ, ഇടവൂർ രാജഗോപാൽ,
ഇ. മാധവശർമ്മ എന്നിവരെ ആദരിച്ചു.
മേഖലാ സംഘടനാ സെക്രട്ടറി പി എസ് സുരേഷ്, അഡ്വ. സാബു മണപ്പുറം, രാജൻ രവീന്ദ്രൻ, വിഷ്ണു അശോക് എന്നിവർ സംസാരിച്ചു.
Discussion about this post