കൊച്ചി: ആത്മാവില്‍നിന്നു ജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞ ആചാര്യശ്രേഷ്ഠനായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് അഭിപ്രായപ്പെട്ടു. അമൃതഭാരതീവിദ്യാപീഠം ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്റെ സഹധര്‍മിണിയായ കാഞ്ചന ടീച്ചറില്‍നിന്ന് ഏറ്റുവാങ്ങിയ മഹാഭാരതപര്യടനം എഴുത്തച്ഛന്‍ പ്രതിമയ്ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അമൃതഭാരതീവിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.വി. നടേശന്‍ അധ്യക്ഷനായി. മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, അമൃതഭാരതീവിദ്യാപീഠം സ്ഥാപകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം.വി. ബെന്നി, കെ.ആര്‍. ചന്ദ്രശേഖരന്‍, അമൃതഭാരതീവിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച അനഘയെ ചടങ്ങില്‍ ആദരിച്ചു.സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍നിന്നു ശേഖരിച്ച ഗ്രന്ഥങ്ങളുടെ ശേഖരമാണ് നവരാത്രിയുടെ നിറവില്‍ പ്രവര്‍ത്തനം ആരംഭിച്ച തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിലുള്ളത്. അമൃതഭാരതി അദ്ധ്യക്ഷന്‍ കൂടിയായിരുന്ന തുറവൂര്‍ വിശ്വംഭരന്റെ സ്മരണയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വജാലകം വായനാവേദി പ്രതിമാസ ചര്‍ച്ചാസദസുകള്‍ക്ക് നേതൃത്വം നല്‍കും. 5000 സാംസ്‌കാരിക ഗ്രന്ഥങ്ങളുടെ ശേഖരം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ഗ്രന്ഥാലയത്തില്‍ നിലവില്‍ എറണാകുളം ജില്ലയില്‍ നിന്നു ശേഖരിച്ച രണ്ടായിരം ഗ്രന്ഥങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് വിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
നാളെ രാവിലെ 10.30 ന് തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരത പര്യടനം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചര്‍ച്ചാസദസ് എഴുത്തച്ഛന്‍ മണ്ഡപത്തില്‍ നടക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ സംസ്‌കൃത ഭാഷാവിഭാഗം അധ്യക്ഷയായ ഡോ.ലക്ഷ്മി ശങ്കര്‍ വിഷയാവതരണം നടത്തും.
Discussion about this post