പാലക്കാട്: സംഘര്‍ഷവും സമര്‍ദവുമല്ല, സമന്വയവും സ്‌നേഹവുമാണ് സംഘത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ശിവശക്തി നഗറില്‍ (കോട്ടമൈതാനം) നടന്ന വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികയുടെയും സാനതന ധര്‍മത്തിന്റെയും പ്രകാശത്തെയും പ്രസരണം ചെയ്യുന്ന ഭാരതത്തിന്റെ ഉയര്‍ച്ച ലോകത്തിന്റെ മുഴുവന്‍ നന്മക്കുവേണ്ടിയാണ്. 98 വര്‍ഷത്തെ നിശബ്ദവും നിരന്തരവുമായ പ്രവര്‍ത്തനത്തിലൂടെ സംഘം കൈവരിച്ച ശക്തി ഭാരതത്തിന്റെ സമാജജീവിതത്തിലെ സമസ്ത മേഖലകളിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. ജി-20 ഉച്ചകോടിയിലൂടെ കമ്പോള കാഴ്ചപ്പാടില്‍ ഊന്നിനിന്ന രാജ്യങ്ങളെ കുടുംബസങ്കല്‍പത്തിനനുസൃതമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതിരുന്ന അയോധ്യ രാമക്ഷേത്രം, സിഎഎ, 370-ാം വകുപ്പ്, പൗരത്വബില്‍ എന്നിവ സമാധാന മാര്‍ഗത്തിലൂടെ പരിഹരിച്ചത് ജനതയില്‍ നവചൈതന്യവും ആത്മവിശ്വാസവും ഉണ്ടാക്കാന്‍ കഴിഞ്ഞു. രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തെ ഒരുപരിധിവരെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞു. ഒരുകാലത്ത് രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ തേര്‍വാഴ്ചയാണ് ഉണ്ടായതെങ്കില്‍ ഇന്നത് സമാധാനമാര്‍ഗത്തിലൂടെ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭീകരപ്രവര്‍ത്തനത്തെ രഹസ്യമായും പരസ്യമായും പിന്തുണക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആര്‍എസ്എസിനെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ശരത് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ബി. സുധര്‍മന്‍ സ്വാഗതം പറഞ്ഞു. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍, നഗര്‍ സംഘചാലക് c.v ചന്ദ്രശേഖരൻ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. കേരള ബ്രാഹ്‌മണസഭ സംസ്ഥാന ജന.സെക്രട്ടറി എല്‍.വി. ശിവരാമകൃഷ്ണന് നല്‍കി കേസരി പ്രചാരണമാസത്തിന്റെ തുടക്കവും കുറിച്ചു. മുതിര്‍ന്ന പ്രചാരകന്‍ സി.എച്ച്. രമേഷ്, വനവാസി കല്യാണാശ്രമം അഖിലഭാരതീയ ക്ഷേത്രപ്രചാരക് എ.കെ. ശ്രീധരന്‍എന്നിവരും പങ്കെടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പഥസഞ്ചലനം കോട്ടമൈതാനത്ത് അവസാനിച്ചു.
Discussion about this post