തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകാനുള്ള കർത്തവ്യം കുടുംബങ്ങൾക്കാണെന്ന് റൂറൽ ഡവലപ്മെന്റ് കമ്മീഷണറും സ്പെഷ്യൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം.
പഴയ കാലത്തെ ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും മധ്യത്തിൽ ജീവിച്ച തലമുറയ്ക്ക് കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ലഭിച്ചിരുന്ന സുഖവും സംതൃപ്തിയും സൗകര്യങ്ങൾ വർദ്ധിച്ച പുതിയ കാലത്ത് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
എന്തെല്ലാമോ നേടാൻ വേണ്ടിയിട്ട് ജനങ്ങൾ പരക്കംപാഞ്ഞ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് മിക്കവരുടെയും അവസ്ഥ. ധനമോ സുഖസൗകര്യങ്ങളോ ഉന്നത സ്ഥാന ലബ്ധി തന്നെയോ വ്യക്തികൾക്ക് സന്തോഷവും സുഖവും പ്രധാനം ചെയ്യാത്തതെന്തു കൊണ്ടാണെന്ന് ആഴത്തിൽ ചിന്തിക്കണം.
വ്യക്തിനിഷ്ഠയും, സ്വാർത്ഥതയും സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്നതിന് തടയിടാൻ വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം. അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം.
ഇന്ന് ആർക്കും സമയം മതിയാകാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം എന്തെന്ന് ചിന്തിക്കേണ്ട സന്ദർഭമാണ്.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജമാണിക്യം.
വൈവിധ്യത്തിൽ ഏകത്വം എന്നത് സനാതന ധർമ്മത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നതാണെന്നും പാരാ ശക്തിയായ ദുർഗാ ദേവിയെ ആരാധിക്കുന്ന നവരാത്രി ആഘോഷം വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന രൂപഭാവങ്ങളോടെ ചാരുതയും പ്രതിഭയും ഇതിന് മതിയായ ഉദാഹരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.
ചടങ്ങിൽ തിരുവനന്തപുരം സ്ഥാനീയ സമിതി ആദ്ധ്യക്ഷൻ എം. വിനോദ് കുമാർ, സെക്രട്ടറി രഞ്ജിത്ത് കുമാർ. വി, ഡോ. രാജി ചന്ദ്ര എന്നിവർ സംസാരിച്ചു. തുടർന്ന് വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.
Discussion about this post