മാനന്തവാടി: നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് കൈമാറാന്‍ ദേശീയബോധമുള്ള തലമുറ തയാറാകണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. പഴശ്ശി വീരാഹുതി ദിനത്തില്‍ മാനന്തവാടിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ സുഖസമൃദ്ധിയില്‍ മുന്നോട്ടുപോകാനാണ് യുവാക്കള്‍ പലരും ആഗ്രഹിക്കുന്നത്. ഈ നാട് സ്വതന്ത്രമായത് ഒരു തുള്ളി ചോര ചിന്താതെയാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇത് പഠിക്കുന്ന പുതുലമുറ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഭാരതത്തിന്റെ യശസ്സ് ലോകോത്തരമാക്കാനുമുള്ള ചുമതലാബോധം ഇല്ലാതെയാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
1857 ലാണ് ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യ സമരം നടന്നതെന്നാണ് പഠിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സംഘടിതസമരം ആയിരുന്നു അത്. അതിന് 50 വര്‍ഷം മുമ്പ് കേരളത്തില്‍ പഴശ്ശിരാജ എത്രമാത്രം ധീരോദാത്തമായ സമരമാണ് നടത്തിയിരുന്നതെന്ന് അറിയണം. എല്ലാ ജനങ്ങളെയും, പ്രത്യേകിച്ച് ഗോത്രജനതയെ സംഘടിപ്പിച്ച് ബ്രിട്ടനെതിരെ 12 വര്‍ഷം യുദ്ധം നയിച്ചു എന്നതാണ് പഴശ്ശിരാജാവിനെ വേറിട്ടതാക്കുന്നത്. എന്നാല്‍ ഈ ചരിത്രം കുറേക്കാലം വിസ്മൃതിയിലായി. ദേശീയ ബോധമുള്ള ഒരു സമൂഹം പൂര്‍വികസ്മരണ പുതുക്കാനും പഠിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. 1980ല്‍ പഴശ്ശി കുടീരത്തില്‍ നിന്ന് കൊളുത്തിയ ദീപം കേരളം മുഴുവന്‍ സഞ്ചരിച്ച് ആ പോരാട്ടസ്മരണകളെ പ്രോജ്വലിപ്പിച്ചു. ഈ പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ജാഗ്രത്താക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post