ചവറ : വികസിത് ഭാരത് സങ്കല്പ് യാത്ര കൊല്ലം ജില്ലയിലെ നീണ്ടകര പഞ്ചായത്തിൽ പര്യടനം നടത്തി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച ജനസമ്പർക്ക – ബോധവത്കരണ പരിപാടി പത്താം വാർഡ് മെമ്പർ ശരത്കുമാർ ആർ. ഉദ്ഘാടനം ചെയ്തു. നിരവധി വീട്ടമ്മമാരും കർഷകരും പരിപാടിയിൽ പങ്കെടുത്ത് കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് നേടി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്കീമുകൾ വിശദീകരിച്ച്, ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിനൽകി. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വെബ് സൈറ്റ് പരിശോധിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് മനസ്സിലാക്കുന്നരീതി, ഇൻഷുറൻസ് കാർഡ് പ്രിന്റെടുക്കൽ എന്നിവ ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.റ്റി. അരുണിമ പരിചയപ്പെടുത്തി.
കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ, സുരക്ഷാ, പെൻഷൻ, സ്വയംതൊഴിൽ വായ്പാ പദ്ധതികളെക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ നീണ്ടകര ബ്രാഞ്ച് മാനേജർ രമ്യാരാജ് ആർ. വിശദീകരിച്ചു. ബാങ്ക് പ്രതിനിധി രേശ്മ വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റോഫീസ് മുഖേന ലഭ്യമാകുന്ന സമ്പാദ്യ – പരിരക്ഷാ പദ്ധതികളെക്കുറിച്ച് തപാൽവകുപ്പ് പ്രതിനിധി രമാദേവി എസ്. വിശദമാക്കി. സീറോ ബാലൻസ് അക്കൗണ്ട് , സുരക്ഷാപദ്ധതികൾ എന്നിവയിൽ ചേരാൻ ബാങ്ക് ഓഫ് ബറോഡ ക്രമീകരിച്ചിരുന്ന എൻറോൾമെന്റ് കൗണ്ടർ ജനങ്ങൾ പ്രയോജനപ്പെടുത്തി. ‘ആത്മ’യുടെ ബ്ലോക് ടെക്നോളജി മാനേജർ ഹരിഷ്മ എൻ. , ഫീൽഡ് അസിസ്റ്റന്റ് ഷീല വി. എന്നിവർ കാർഷിക മേഖലയിലെ യന്ത്രവത്കര സ്കീമുകൾ, പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി സ്കീം എന്നിവ വിശദീകരിച്ചു.
HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബ് ഡിവിഷൻ സജ്ജീകരിച്ച ഹെൽത്ത് അസസ്മെന്റ് ക്യാമ്പിൽ നിരവധിപ്പേർ ജീവിതശൈലീ രോഗനിർണയം നടത്തി
കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് നബാർഡ് തയ്യാറാക്കിയ ‘ജാനു തമാശകൾ’ കാർട്ടൂൺ വീഡിയോ പ്രചാരണവാഹനത്തിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അടൽ പെൻഷൻ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് സ്കീമുകൾ, ഡിജിറ്റൽ ബാങ്കിങ്, UPI ആപ്ലിക്കേഷനുകൾ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവുപകരുന്ന വീഡിയോകൾ ജനങ്ങൾ താത്പര്യപൂർവം വീക്ഷിച്ചു. സാമ്പത്തികസാക്ഷരതാ കൗൺസിലർ അഞ്ചു ഹരി ബാങ്കിങ് സ്കീമുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി. ഗ്യാസ് ഏജൻസി പ്രതിനിധികൾ പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ യോഗ്യതാ മാനദണ്ഡങ്ങൾ വിശദീകരിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ പുതുതായി ഗുണഭോക്താക്കളായ 16 വീട്ടമ്മമാർക്ക്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് ഗ്യാസ് എന്നിവയുടെ ഏജൻസികൾ മുഖേന
സൗജന്യ പാചകവാതക കണക്ഷൻ നൽകി. സോയിൽ ഹെൽത്ത് കാർഡിന്റെ പ്രയോജനങ്ങൾ, കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളായ സൂക്ഷ്മ വളപ്രയോഗം, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ എഫ്.എ.സി.റ്റി. പ്രതിനിധി മിഥുൻ വിശദീകരിച്ചു. സമീപത്തെ കൃഷിയിടത്തിൽ ഡ്രോൺ ഡെമോൺസ്ട്രേഷൻ നടത്തി. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും, ബുക് ലറ്റുകളും വിതരണം ചെയ്തു. ബുധനാഴ്ച ചവറ, ആലപ്പാട് പഞ്ചായത്തുകളിലാണ് വികസിത് ഭാരത് സങ്കല്പ് യാത്ര. നഗരമേഖലയിലെ പര്യടനത്തിനും ബുധനാഴ്ച തുടക്കമാകും..
Discussion about this post