കൊച്ചി: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി നിലയ്‌ക്കലിലെ പാര്‍ക്ക് സൗകര്യം പൂര്‍ണമായും ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.
8,000 വാഹനങ്ങളാണ് നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ഈ സൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തിയില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലയ്‌ക്കലിലെ പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട എസ്പിയും സത്യവാങ്മൂലം നല്‍കണം. കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരെ ഹര്‍ജിയില്‍ കക്ഷികളാക്കി. എരുമേലി ക്ഷേത്ര ഗ്രൗണ്ടിലെ പാര്‍ക്കിങ് സൗകര്യം പൂര്‍ണമായും വിനിയോഗിച്ചതിനുശേഷമേ സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങളെ അനുവദിക്കാനാവൂയെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അന്നദാനമടക്കമുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിന്റെ ഗ്രൗണ്ടില്‍ മാത്രമാണുള്ളതെന്നതു കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post