കോട്ടയം: ദിവ്യാംഗക്ഷേമം ലക്ഷ്യമിട്ട് ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സേവന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ ദിവ്യാംഗമിത്രം പദ്ധതിക്ക് തുടക്കമായി. ദിവ്യംഗമിത്രം പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസിദ്ധ അഭിനേത്രി സ്മിനു സിജോ നിർവ്വഹിച്ചു. ‘പ്രകാശം പരക്കട്ടെ, ജോ അൻഡ് ജോ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സ്മിനു സിജോ. ദിവ്യാംഗക്ഷേമ നിധിയിലേക്ക് സമർപ്പണം നടത്തിയാണ് സ്മിനു പദ്ധതി ഉദ്ഘാടനം ചെയ്തത്. സക്ഷമ കോട്ടയം ജില്ലാ സമിതിയംഗം പ്രസന്നകുമാരി സേവാനിധി ഏറ്റുവാങ്ങി. പദ്ധതിയിൽ ചേരുന്നതിനോടൊപ്പം സഹപ്രവർത്തകരെയും ദിവ്യാംഗമിത്രം പദ്ധതിയിൽ ഭാഗാമാക്കാനും താരം തയ്യാറായിരിക്കുകയാണ്.
ഭാരതത്തിന്റെ ജനസംഖ്യയിൽ 3% പേർ ദിവ്യാംഗരാണ്. അഞ്ച് കോടിയിലധികം വരുന്ന ദിവ്യാംഗരിൽ ബഹുഭൂരിപക്ഷവും നിസ്സഹായരും നിരാലംബരുമാണ്. അവർക്കനുകൂലമായി സമൂഹ മനസ്സാക്ഷിയെ രൂപപ്പെടുത്തു എന്നതാണ് സക്ഷമ ആവിഷ്കരിച്ചിട്ടുള്ള ദിവ്യംഗമിത്രം പദ്ധതിയുടെ ഉദ്ദേശ്യം. ജനുവരി 4 മുതൽ ഫെബ്രുവരി 4 വരെ നീളുന്ന ദിവ്യാംഗമിത്രം സേവാനിധി ശേഖരണത്തിൽ എല്ലാ സുമനസ്സുകളും പങ്കാളികളാവണമെന്ന് തദവസരത്തിൽ പ്രസന്നകുമാരി അഭ്യർത്ഥിച്ചു.
മാസം 41രൂപ നൽകി ഒരാൾക്ക് പദ്ധതിയിൽ ചേരാനാകും. മാസം തോറും നീക്കിവെക്കുന്ന തുക വർഷാദ്യം ഒരുമിച്ച് 500 രൂപയായി ദിവ്യാംഗ സേവാനിധിയായി സക്ഷമക്ക് സമർപ്പിക്കുന്ന പദ്ധതിയാണ് ദിവ്യാംഗമിത്രം. പെൻഷൻ, ഉപകരണ വിതരണം, വീട് നിർമ്മാണം, നേത്രദാനം, കൃതൃമ അവയവ ദാനം എന്നിവയാണ് സേവാനിധിയിലൂടെ ലക്ഷ്യം വെക്കുന്നത്. 1500 പേരെ ദിവ്യാംഗമിത്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്ഷമയുടെ പ്രവർത്തനം.
Discussion about this post