തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിച്ചു കൊണ്ടാണ് യുക്തി വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് മതസ്ഥരെ അവര്‍ വിമര്‍ശിക്കാറില്ലെന്നും മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. യുക്തിവാദികളും നിരീശ്വരവാദികളും ശക്തി പ്രാപിക്കുന്നത് ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടാണ്. ശബരിമല ക്ഷേത്രത്തിലെ തിവെയ്‌പ്പിന് പിന്നില്‍ ഹിന്ദുക്കളെ അവഹേളിക്കുക എന്നതാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാം ദിവസത്തെ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമല തീവെച്ചതിനെതിരെ മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ഹിന്ദു മഹാ മണ്ഡലം. അവര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അവരാണ് രാഷ്‌ട്രീയ ഹൈന്ദവ നവേത്ഥാനത്തിന് തുടക്കമിട്ടതെന്നും മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ശബരിമല ക്ഷേത്രം നശിപ്പിച്ചവര്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. അവിടം മുതലാണ് ഹൈന്ദവ നവോത്ഥാനത്തിന്റെ തിരനോട്ടം ആരംഭിക്കുന്നത് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഹൈന്ദവ ധര്‍മത്തെ ഉപേക്ഷിച്ചുകൊണ്ട് ഹിന്ദുവിന് മതേതരത്വം പറയാന്‍ കഴിയില്ലെന്ന് പങ്കജകസ്തൂരി എംഡി ഡോ. ജെ.ഹരീന്ദ്രന്‍നായര്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാം ദിവസത്തെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ് നമ്മളെ ഉദ്ബുദ്ധരാക്കിയത് ഹിന്ദു മതമാണ്. എല്ലാവരും ഒന്നാണെന്ന സാമൂഹ്യ ബോധവും ആദ്ധ്യാത്മിക ബോധവും ഹിന്ദുവിന് ഉണ്ടായിക്കഴിഞ്ഞാല്‍ ഒരു ശക്തിക്കും അവനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഡോ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ ഹിന്ദുത്വത്തിന്റെ സംരക്ഷണത്തിനാണ് പ്രവര്‍ത്തിച്ചതെന്ന് കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍.മധു പറഞ്ഞു. പന്മന ആശ്രമം സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചിന്മയാ മിഷന്‍ ആചാര്യന്‍ സ്വാമി അഭയാനന്ദ, സാമാജികസമരസത വിഭാഗ് സംയോജക് കെ.രാജശേഖരന്‍, ആചാര്യ കെ.ആര്‍.മനോജ്, ആര്യനാട് സുഗതന്‍, സരിന്‍ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post