മല കയറി, കാട് കയറി ഊരായ ഊരുകളിലെല്ലാം രാമസങ്കീര്‍ത്തനവുമായി രാമസേവകര്‍… നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലായിടത്തും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തിക്കുകയാണ്. വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ വനവാസി ഊരുകളിലെല്ലാം ഭഗവാന്‍ രാമന്റെ പ്രസാദമെത്തിച്ചു. ദ്വാരക വിവേകാനന്ദ ഭജനമഠത്തിന് ചുറ്റുമുള്ള 215 വീടുകളിലാണ് ഇന്നലെ രാമനാമ സങ്കീര്‍ത്തനവുമായി ഊരുവലം എത്തിയത്.
ജനുവരി ഒന്നിന് ആരംഭിച്ച മഹാസമ്പര്‍ക്കത്തില്‍ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്. 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം. ആത്മീയാചാര്യന്മാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി വീട്ടമ്മമാരും സര്‍വസാധാരണക്കാരും വരെ ഭക്തിപുരസ്സരം അക്ഷതം ഏറ്റുവാങ്ങുന്നു. വീടുകളിലെ പൂജാമുറിയില്‍ അവര്‍ അക്ഷതം സൂക്ഷിക്കും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രാര്‍ത്ഥനകളോടെയാണ് എല്ലാവരും സമ്പര്‍ക്കത്തെ സ്വീകരിക്കുന്നത്. ഭജനയും നാമജപവുമായാണ് ഓരോ വീട്ടിലും സമ്പര്‍ക്ക സംഘമെത്തുന്നത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പങ്കെടുക്കുന്നവര്‍ക്കുള്ള ക്ഷണപത്രവും ഇതിന്റെ ഭാഗമായി കൈമാറുന്നുണ്ട്. 15 വരെയാണ് സമ്പര്‍ക്കം. പ്രാണപ്രതിഷ്ഠാദിനമായ 22ന് രാവിലെ മുതല്‍ തന്നെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ ഗ്രാമക്ഷേത്രങ്ങളിലും ആരംഭിക്കും. പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ തത്സമയം കാണിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ എല്ലാ വീടുകളിലും ദീപാവലി കൊണ്ടാടണമെന്ന അഭ്യര്‍ത്ഥനയും സമ്പര്‍ക്കത്തിന്റെ ഭാഗമായി നല്കുന്നുണ്ട്.
Discussion about this post