തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്. വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
സർക്കുലറിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈകോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില കൂടിയത്.
Discussion about this post